മലപ്പുറം - തട്ടിപ്പു കേസില്‍ പിടിയിലായ ഡി വൈ എസ് പിയുടെ ഭാര്യയ്ക്കെതിരെ പരാതികളുമായി കൂടുതല്‍ പേര് രംഗത്ത്. നിലവില്‍ വിവിധ ജില്ലകളിലായി ഒന്‍പത് കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. കൂടുതല്‍ പേര് പരാതിയുമായി എത്തുന്നതോടെ വലിയ തട്ടിപ്പാണ് ഇവര്‍ നമടത്തിയതെന്ന് വ്യക്തമാകുകയാണ്. തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡി വൈ എസ് പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെയാണ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ അറസ്റ്റിലായ വിവരം അറിഞ്ഞാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് കൂടുതല്‍ പേര് പരാതികളുമായി എത്തുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് പരാതികളെത്തിയത്. ഈ പരാതികളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയെന്നാണ് പരാതി. ഹൈക്കോടതി അഭിഭാഷകയെന്ന പേരില്‍ കേസ് നടത്തിപ്പിനും ഒത്തുതീര്‍പ്പാക്കാനും സഹായം വാഗ്ദാനം ചെയ്ത് സ്വര്‍ണവും പണവും തട്ടിയെന്ന് കാണിച്ച് പരാതിക്കാര്‍ പൊലീസിനെ സമീപിച്ചിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഡി വൈ എസ് പി കെ എ സുരേഷ് ബാബു 2.35 ലക്ഷം രൂപ കോടതിയില്‍ നേരിട്ട് അടച്ച് ഇവരെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു.