മഞ്ചേരിയില്‍ ബാലികമാരെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്ക് 20 വര്‍ഷം കഠിന തടവ്

മഞ്ചേരി-രണ്ടു ബാലികമാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശിക്ക് മഞ്ചേരി അതിവേഗ പോക്സോ സ്പെഷല്‍ കോടതി (രണ്ട്) 20 വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.  തമിഴ്നാട് കോയമ്പത്തൂര്‍ കല്‍പ്പാത്തി വിരിയംപാളയം റോഡ് തിരുമുരുകന്‍ നഗറില്‍ ബ്രയിന്‍യംഗിന്റെ മകന്‍ ലിസ്റ്റര്‍ യംഗ് (62) നെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.  2017 സെപ്തംബര്‍ ഒന്നിനും തുടര്‍ന്ന് പലതവണയും രണ്ട്, മൂന്ന് ക്ലാസ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ പ്രതിയുടെ ക്വാര്‍ട്ടേഴ്സില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.  പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ എസ്‌ഐയായിരുന്ന ആര്‍. വിനോദ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എസ്‌ഐയായിരുന്ന റിയാസ് ചാക്കീരിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.  
ഇരു കേസുകളിലും പോക്സോ ആക്ടിലെ 9 (എല്‍) വകുപ്പ് പ്രകാരവും 9 (എം) പ്രകാരവും അഞ്ചു വര്‍ഷം വീതം കഠിന തടവ് 5000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം വീതം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.  രണ്ടു വകുപ്പുകളിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

 

Latest News