ന്യൂദല്‍ഹി- ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംകള്‍ പട്ടിക ജാതി, വര്‍ഗ, ഒ.ബി.സി വിഭാഗങ്ങളെക്കാള്‍ പിന്നിലാണെന്ന് സര്‍വേ. ഉന്നത വിദ്യാഭ്യാസരംഗത്ത് എസ്.സി വിഭാഗത്തിന്റെ പ്രാതിനിധ്യം 4.2 ശതമാനവും എസ്.ടി വിഭാഗത്തിന്റേത് 11.9 ശതമാനവും ഒ.ബി.സി വിഭാഗത്തിന്റേത് നാല് ശതമാനവും വര്‍ധിച്ചപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം എട്ട് ശതമാനം കുറഞ്ഞെന്ന് ഓള്‍ ഇന്ത്യാ സര്‍വേ ഓണ്‍ ഹയര്‍ എജുക്കേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായം പിറകിലാകാന്‍ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ബിരുദകാലത്ത് തന്നെ തൊഴില്‍രംഗത്തേക്ക് മാറാന്‍ സാമ്പത്തിക പ്രതിസന്ധി കാരണം വിദ്യര്‍ഥികള്‍ നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉത്തര്‍പ്രദേശിലാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്ലിംകള്‍ ഏറ്റവും പിന്നോക്കമായത്. 20 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള യു.പിയില്‍ 36 ശതമാനമാണ് കുറവുണ്ടായത്.
യു.പിയില്‍ ഈ വര്‍ഷം കോളജുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെങ്കിലും മുസ്‌ലിംകളുടെ പ്രവേശന നിരക്ക് വെറും 4.5 ശതമാനം മാത്രമാണ്. ദല്‍ഹിയില്‍ ഓരോ അഞ്ചാമത്തെ മുസ്‌ലിം വിദ്യാര്‍ഥിയും ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ പരാജയപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ മുസ്‌ലിം പ്രാതിനിധ്യം 43 ശതമാനമാണ്.