റായ്പൂര്‍-വിലകൂടിയ ഫോണ്‍ വീണ്ടെടുക്കാന്‍ റിസര്‍വോയറില്‍ നിന്ന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സംഭവത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥന് 53,000 പിഴ. ഛത്തീസ്ഗഢില്‍ നടന്ന സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാക്കാല്‍ അനുമതി തേടി വെള്ളം വറ്റിച്ച ഫുഡ് ഇന്‍സ്‌പെക്ടറെ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിലയേറിയ ഫോണ്‍ വീണ്ടെടുക്കാന്‍ അഞ്ച് അടി വരെ വെള്ളം വറ്റിക്കാന്‍ ഇന്‍സ്‌പെക്ടറെ വാക്കാല്‍ അനുവദിച്ചതിന് അദ്ദേഹത്തിന്റെ സീനിയറായ ആര്‍.കെ ധിവാറില്‍ പിഴ ഈടാക്കുന്നത്. വേനല്‍ക്കാലത്ത് ജലസേചനത്തിനും മറ്റാവശ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമായ വെള്ളത്തിന്റെ വില ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് ആര്‍.കെ.ധിവാറിന് അയച്ച നോട്ടീസില്‍ ഇന്ദ്രാവതി പദ്ധതിയുടെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കി.
വെള്ളം വറ്റിക്കാന്‍ അനുവദിച്ചതിന് ഉദ്യോഗസ്ഥന്‍ 53000 രൂപ പിഴ ചുമത്തിയതായാണ് റിപ്പോര്‍ട്ട്.
ഖേര്‍കട്ട അണക്കെട്ടിലെ പാറകോട്ട് റിസര്‍വോയറില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ഫുഡ് ഓഫീസര്‍ സുഹൃത്തുക്കളോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഡാമില്‍ വീണത്.
പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, മൂന്ന് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന രണ്ട് 30 എച്ച്പി ഡീസല്‍ പമ്പുകള്‍ കൊണ്ടുവന്ന് 1500 ഏക്കര്‍ ഭൂമിക്ക് ജലസേചനം നല്‍കാന്‍ സഹായിക്കുന്ന 21 ലക്ഷം ലിറ്റര്‍ വെള്ളം റിസര്‍വോയറില്‍ നിന്ന് ഒഴുക്കിക്കളഞ്ഞു.
വെള്ളം ഉപയോഗയോഗ്യമല്ലെന്നും രഹസ്യസ്വഭാവമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ ഉള്ളതിനാല്‍ തന്റെ ഫോണ്‍ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നത്.
വേനല്‍ക്കാലത്തും മൃഗങ്ങള്‍ക്കും പ്രാദേശിക കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് 10 അടി താഴ്ചയുള്ള ജലസംഭരണി.
അഞ്ച് അടിയോളം വെള്ളം അടുത്തുള്ള കനാലിലേക്ക് ഒഴുക്കിവിടുന്നതില്‍ കുഴപ്പമില്ലെന്ന് ധീവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതില്‍ കൂടുതലും വെള്ളം വറ്റിച്ചതായി അദ്ദേഹം പറഞ്ഞു.
ഫോണ്‍ വീണ്ടെടുത്തെങ്കിലും മൂന്ന് ദിവസത്തോളം വെള്ളത്തിനടിയില്‍ കിടന്ന അത് പ്രവര്‍ത്തിക്കുന്നില്ല.