ഭോപാല്‍-മധ്യപ്രദേശില്‍ ബജ്റംഗ് ദളിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ അറസ്റ്റില്‍. പന്ന ജില്ലയിലെ ബജ്റംഗ് ദള്‍ കോ- കണ്‍വീനര്‍ സുന്ദരം തിവാരിയെന്നയാളാണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നതിനിടെ ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (ആര്‍ പി എഫ്) ക്രൈം ഇന്റലിജന്‍സ് ടീം പിടികൂടുകയായിരുന്നു. സുന്ദരത്തിനൊപ്പം മറ്റൊരാളും അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നായി 22 കിലോ കഞ്ചാവ് ആര്‍ പി എഫ് കണ്ടെടുത്തു.
കഞ്ചാവ് കടത്തുകാര്‍ സാദ്തനയിലേയ്ക്ക് ട്രെയിന്‍ മാര്‍ഗം വരികയാണെന്ന് ആര്‍ പി എഫിന്റെ ക്രൈം ഇന്റലിജന്‍സ് ടീമിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സര്‍നാഥ് എക്സ്പ്രസ് ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെ അഞ്ച് യുവാക്കളെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തി. ഇവരുടെ അരികിലേയ്ക്ക് പോലീസ് സംഘം എത്തുന്നതിനിടെ അഞ്ചുപേരും ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ അറസ്റ്റിലാവുകയായിരുന്നു. മറ്റ് മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് സുന്ദരം തിവാരി. ഇയാള്‍ ഏറെനാളുകളായി മയക്കുമരുന്ന് കടത്തിവരികയാണെന്ന് പോലീസ് പറയുന്നു. രക്ഷപ്പെട്ട പ്രതികള്‍ ഉത്തര്‍പ്രദേശിലെ ബനാറസ് സ്വദേശികളാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പ്രാദേശിക തലത്തില്‍ ബജ്‌റംഗ് ദള്‍ സംഘടിപ്പിക്കാന്‍ സദാ വിഷം തുപ്പുന്ന പ്രകൃതക്കാരനായിരുന്നു സുന്ദരം തിവാരി.