കമ്പം - ചിന്നക്കനാൽ വിറപ്പിച്ചതിന് പിന്നാലെ കമ്പം മേഖലയിൽ ജനജീവിതത്തിന് ഭീഷണിയായി തീർന്ന അരിക്കൊമ്പനെ തളയ്ക്കാൻ രക്ഷാദൗത്യവുമായി തമിഴ്‌നാട് വനം വകുപ്പ്. തമിഴ്‌നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഇപ്പോൾ ഷണ്മുഖ ഡാമിന് സമീപമാണ് നിലയുറപ്പിച്ചത്. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറിയാണ് ഷണ്മുഖ ഡാം.
ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കുമെന്നും തമിഴ്‌നാട് വനം വകുപ്പ് പറഞ്ഞു. മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. സംഘാംഗങ്ങളും കുങ്കിയാനകളും കമ്പത്ത് തന്നെ തുടരുകയാണ്.
ഒട്ടേറെ മനുഷ്യജീവനുകളും വസ്തുവകകളും നശിപ്പിച്ച് ഭീതി പടർത്തിയ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് ഒരു മാസക്കാലം നീണ്ട പരിശ്രമത്തിനൊടുവിലാണ് മയക്കുവടി വെച്ച് കേരളം പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നത്. അവിടുന്നാണിപ്പോൾ അരിക്കൊമ്പൻ തമിഴ് വനമേഖലയിലേക്ക് കടന്ന് പുതിയ ഭീഷണി ഉയർത്തുന്നത്.