Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവിശ്വസനീയം റഷ്യൻ വിപ്ലവം

സ്‌പെയിന് എതിരായ മത്സരത്തിൽ റഷ്യയുടെ വിജയം മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ ആഘോഷിക്കുന്ന ആരാധകർ.

മോസ്‌കോ- അത്ഭുതം, അവിശ്വസനീയം..... ലോകകപ്പ് രണ്ടാം റൗണ്ടിൽ സ്‌പെയിനിനെതിരെ സ്വന്തം രാജ്യം വിജയിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല റഷ്യക്കാർക്ക്. മത്സരം വിജയിച്ച് 24 മണിക്കൂറിന് ശേഷവും രാജ്യത്തിന്റെ മുക്കുമൂലകളിൽ തുടരുന്ന ആഹ്ലാദപ്രകടനം അപ്രതീക്ഷിതമായ വഴിത്തിരിവിന്റെ പ്രതിഫലനമാണ്.
ബാൾട്ടിക്കിലെ കലിനിൻഗ്രാഡ് മുതൽ കിഴക്കൻ റഷ്യയിലെ വ്‌ളാദിവോസ്റ്റോക് വരെ, ആരാധകരുടെ ആവേശത്തിന് സാക്ഷിയാകുന്നു. തെരുവുകളിലെ ഉത്സവ ലഹരി പലപ്പോഴും ഉന്മാദം വരെയെത്തുന്നു. വഴിയെ പോകുന്ന അപരിചിതരെ വരെ സ്‌നേഹചുംബനങ്ങളിൽ മുക്കിക്കളയുന്നു ആരാധകർ. പ്രീക്വാർട്ടറിനപ്പുറം യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന റഷ്യ, ലോകചാമ്പ്യൻ പട്ടം അണിഞ്ഞിട്ടുള്ള സ്‌പെയിനിനെ ഷൂട്ടൗട്ടിൽ അസാമാന്യ മികവോടെ തകർത്തത് ഫുട്‌ബോൾ ആസ്വാദകർ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
കരിങ്കടലിലെ സോച്ചിയിൽ നൂറുകണക്കിന് ആരാധകർ ദേശീയപതാക പുതച്ച് പ്രകടനം നടത്തി. കാറുകൾ നിലക്കാതെ ഹോൺ മുഴക്കി നീങ്ങി. സമീപകാല ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ആതിഥേയ രാജ്യം നേതൃത്വം നൽകിയത്. 2010 ലെ ലോകകപ്പ് ചാമ്പ്യൻമാരായ സ്‌പെയിനിനെയാണ് അവർ ക്വാർട്ടർ കാണാതെ മടക്കിയയച്ചത്. 
വിശ്വസിക്കാനാവുന്നില്ല, ഞങ്ങൾ ചാമ്പ്യൻമാരായി- ഫൈനൽ കഴിഞ്ഞ പ്രതീതിയാണ് 27 കാരി മസ്‌കോവിറ്റ് അന്ന ഗ്ലാസ്‌കോവക്ക്. ബ്രസീലുമായി ഫൈനൽ കളിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് അന്നക്ക്. ക്വാർട്ടറിലും വിജയിച്ചു കയറുമെന്ന് തന്നെ അവരുടെ വിശ്വാസം.
റഷ്യയുടെ വിജയം നിർണയിച്ച പെനാൽറ്റി ഷൂട്ടൗട്ട്, ഗോളി ഇഗോർ അകിൻഫീവിനെ ദേശീയഹീറോയായി മാറ്റിയിരിക്കുകയാണ്. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന കാര്യം മറച്ചുവെക്കാനും അകിൻഫീവ് തയാറായില്ല. ഷൂട്ടൗട്ടിൽ നേരത്തെ അദ്ദേഹം പ്രതീക്ഷ പുലർത്തിയിരുന്നുവെന്ന് സാരം. ഐസ് ഹോക്കിയുടെ നാടായ റഷ്യ ഫുട്‌ബോൾ കമ്പക്കാരുടേയും നാടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ലോകകപ്പ്. റഷ്യയുടെ ത്രസിപ്പിക്കുന്ന വിജയമാകട്ടെ, ഫുട്‌ബോളിലേക്ക് ഇനിയും അവരെ കൂടുതൽ അടുപ്പിക്കും.
മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലെ 80,000 ത്തോളം കാണികളുടെ ആർപ്പുവിളികൾക്കിടയിൽ വിജയ നായകനായ അകിൻഫീവ് സഹകളിക്കാരുടെ ചുമലിലേറി നീങ്ങുമ്പോൾ റഷ്യയെ സംബന്ധിച്ച് അത് ഒരു പുതുയുഗത്തിന്കൂടി തുടക്കമാണ്. ഞങ്ങൾക്ക് ഫുട്‌ബോൾ കളിക്കാൻ അറിയാമെന്ന് തെളിയിച്ച മത്സരമെന്നാണ് അകിൻഫീവ് വിജയത്തെക്കുറിച്ച് പറഞ്ഞത്. ലുഷ്‌നിക്കിയിലെ കാണികൾക്കിടയിൽ ആരവമായുയർന്ന റോ..സി..യ മുദ്രാവാദ്യം 6000 കിലോമീറ്റർ അകലെ കോംസോമോൾസ്‌ക് വരെ പ്രതിധ്വനിച്ചു.
രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലിരുന്ന് തന്റെ ലാപ്‌ടോപ്പിൽ മത്സരം വീക്ഷിച്ച ആകാശസഞ്ചാരി ഒലേഗ് ആർതിംയേവ് പോലും ആവേശം മറച്ചുവെക്കാതെ ട്വീറ്റുകളയച്ചു. സോവിയറ്റ് യുഗത്തിന് ശേഷം ഇതാദ്യമായാണ് റഷ്യ ഗ്രൂപ്പ് മത്സരം കടക്കുന്നത്. കോച്ച് സ്റ്റാനിസ്‌ലാവ് ചെർചെസോവിന് അതിനാൽ തന്നെ ഇത് ചരിത്രം കുറിക്കലാണ്. ഏറ്റവും കുറഞ്ഞ റാങ്കുമായാണ് അവർ ലോകകപ്പിലെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഒരൊറ്റ വിജയം പോലും ടീമിനെ തലോടിയിട്ടുമില്ല. എന്നാൽ സൗദി അറേബ്യയേയും ഈജിപ്തിനേയും പരാജയപ്പെടുത്തി വലിയ മാർജിനുമായാണ് അവർ പ്രീ ക്വാർട്ടറിലേക്ക് കടന്നത്. ആക്രമണ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യം പ്രകടമായി അവരുടെ മാച്ചുകളിൽ. ഗ്രൂപ്പു മാച്ചിൽ ഉറുഗ്വായിയോട് 3-0 ന് തോറ്റെങ്കിലും ആവേശത്തിന് മങ്ങലേറ്റില്ല. സ്‌പെയിനുമായുള്ള മത്സരത്തിന് ആത്മവിശ്വാസത്തോടെ തന്നെയാണ് റഷ്യ തയാറായത്. 
ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ടീമിനെ നയിച്ച ചരിത്രത്തിലെ രണ്ടാമത്തെ കോച്ചെന്ന ബഹുമതിയാണ് ചെർചെസോവിന് ലഭിക്കുന്നത്. 1966 ൽ ഹംഗറിയെ പരാജയപ്പെടുത്തിയ സോവിയറ്റ് യൂനിയൻ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. അവസാനമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയത് 1970 ൽ. വീണ്ടുമിതാ ശനിയാഴ്ച സോചിയിലെ ഫിഷ്ത് സ്റ്റേഡിയത്തിൽ ക്രൊയേഷ്യക്കെതിരെ റഷ്യ ക്വാർട്ടർ ഫൈനൽ കളിക്കാനിറങ്ങുന്നു. 

 

 

Latest News