റിയാദ് - വൈദ്യുതി സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ശൂറാ കൗൺസിൽ അംഗങ്ങളായ അബ്ദുല്ല അൽഖാലിദിയും ഡോ. സഈദ് അൽമാലികിയും ആവശ്യപ്പെട്ടു. വൈദ്യുതി ബിൽ കുതിച്ചുയർന്നതിനുള്ള കാരണങ്ങളെ കുറിച്ച് ശൂറാ കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് വിശകലനം ചെയ്തു. ബിൽ തുക വലിയ തോതിൽ ഉയർന്നതിൽ കമ്മിറ്റി അംഗങ്ങൾ ആശ്ചര്യം പ്രകടിപ്പിച്ചു. ജൂൺ മാസത്തിലെ വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതിൽ അബ്ദുല്ല അൽഖാലിദി പ്രതിഷേധം പ്രകടിപ്പിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബിൽ തുക 17 മുതൽ 67 ശതമാനം വരെ ഉയർന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വൈദ്യുതി ബില്ലുകളാണ് ലഭിച്ചിരിക്കുന്നത്.
വൈദ്യുതി ബില്ലുകളിലെ ഭീമമായ വ്യത്യാസത്തിലെ ഒരു ഭാഗം സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതിയിലൂടെ ലഭിക്കും. എന്നാൽ വൈദ്യുതി ബില്ലുകളിലെ ഇത്രയും ഭീമമായ വ്യത്യാസം സിറ്റിസൺ അക്കൗണ്ട് പദ്ധതി ധനസഹായം വഴി നികത്തപ്പെടില്ല. ചില ഉപയോക്താക്കൾക്ക് ലഭിച്ച ബിൽ തുകകളിൽ ആയിരക്കണക്കിന് റിയാലിന്റെ വർധനവുണ്ടായിട്ടുണ്ട്. വൈദ്യുതി നിരക്കുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി പുനഃപരിശോധിക്കണം. സബ്സിഡി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് കമ്പനി റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
വൈദ്യുതി ബില്ലുകൾ കണക്കാക്കുന്ന സംവിധാനവും നിരക്കുകളും പുനഃപരിശോധിക്കുന്നതിന് ഇലക്ട്രിസിറ്റി ആന്റ് കോജനറേഷൻ റെഗുലേറ്ററി അതോറിറ്റി അടിയന്തരമായി ഇടപെടണമെന്ന നിർദേശം സാമ്പത്തിക, ഊർജ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ അൽറാശിദ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിരക്കുകൾ കുറക്കുന്നതിന് അതോറിറ്റി രാജാവിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്. ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത അടിസ്ഥാന ആവശ്യമാണ് വൈദ്യുതി. ജനങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഗവൺമെന്റ് ബിൽ തുക ഇത്രയും ഉയരുന്നത് അംഗീകരിക്കില്ല. വേനൽക്കാലത്ത് വൈദ്യുതി സബ്സിഡി നടപ്പാക്കുന്നതിന് ഇടപെട്ടോ നിലവിലെ നിരക്കുകൾ പുനഃപരിശോധിച്ചോ പ്രശ്ന പരിഹാരത്തിന് ഗവൺമെന്റ് നടപടിയെടുക്കും.
വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് നാം ഇപ്പോഴുള്ളത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൂടിന് കാഠിന്യം കൂടും. ജൂണിൽ തന്നെ ഭീമമായ ബില്ലുകളാണ് ലഭിച്ചതെങ്കിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ബില്ലുകൾ ഇതിലും കൂടാനാണ് സാധ്യത. സബ്സിഡി പുനഃസ്ഥാപിക്കുകയോ നിരക്കുകൾ പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന നിർദേശത്തെ താനും അനുകൂലിക്കുന്നതായി അബ്ദുല്ല അൽഖാലിദി പറഞ്ഞു.
കുറഞ്ഞ വരുമാനക്കാർക്ക് താങ്ങാൻ കഴിയാത്ത നിലക്കുള്ള ബില്ലുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഡോ. സഈദ് അൽമാലികി പറഞ്ഞു. ഫഌറ്റിന്റെ വാടകയേക്കാൾ കൂടുതലാണ് വൈദ്യുതി ബിൽ. ശരാശരി ഫഌറ്റ് വാടക 1500 റിയാലിൽ കവിയില്ല. എന്നാൽ ജൂൺ മാസത്തിൽ പലർക്കും ലഭിച്ച വൈദ്യുതി ബിൽ ഇതിലും എത്രയോ കൂടുതലാണ്. ബിൽ തുക കുറയുന്നതിന് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി ആവശ്യപ്പെടുന്നത്. ഉപഭോഗം നിയന്ത്രിക്കുന്നതിനു വേണ്ടി കുടുംബാംഗങ്ങൾ എല്ലാവരും കൂടി ഒരു മുറിയിൽ കഴിയുക ഒരിക്കലും സാധ്യമല്ല.
കൊടുംചൂട് അനുഭവപ്പെടുന്ന ചില പ്രവിശ്യകളിൽ ഇരുപത്തിനാലു മണിക്കൂറും എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കേണ്ടിവരും. ഇവിടങ്ങളിൽ കഴിയുന്ന, വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് ആയിരക്കണക്കിന് റിയാലിന്റെ ബില്ലുകൾ താങ്ങാൻ സാധിക്കില്ല. വീട്ടുവാടകയേക്കാളും മറ്റു ചെലവുകളേക്കാളും ഏറെ കൂടുതലാണ് വൈദ്യുതി ബില്ലുകൾ.
പുതിയ നിരക്കുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി പുനഃപരിശോധിക്കുകയും ഭീമമായ വർധനവ് ഒഴിവാക്കുന്നതിന് സത്വര പോംവഴികൾ കാണുകയും വേണം. പഴയ നിരക്കുകൾ തന്നെ നടപ്പാക്കണമെന്നാണ് താൻ നിർദേശിക്കുന്നത്. ഇതോടൊപ്പം അഞ്ചു ശതമാനം മൂല്യവർധിത നികുതി കൂടി ഈടാക്കാവുന്നതാണ്. എങ്കിൽ കുറഞ്ഞ വരുമാനക്കാർക്കും വൈദ്യുതി ബില്ലുകൾ താങ്ങാൻ കഴിയുമെന്ന് ഡോ. സഈദ് അൽമാലികി പറഞ്ഞു.