Sorry, you need to enable JavaScript to visit this website.

യു.എന്‍ മേധാവി റോഹിംഗ്യകളെ കണ്ടു; കേട്ടതു മുഴുവന്‍ ഹൃദയം തകര്‍ക്കുന്ന കഥകള്‍

കുതുപലോംഗ്- മ്യാന്മറിലെ സൈനികര്‍ സ്ത്രീകളോടും കുട്ടികളോടും കാണിച്ച ക്രൂരകൃത്യങ്ങളുടെ കഥകള്‍ നേരിട്ട് കേട്ട യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഞെട്ടിത്തരിച്ചു. ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് മ്യാന്മറില്‍നിന്ന് പലായനം ചെയ്തവര്‍ തങ്ങള്‍ അനുഭവിച്ച കിരാത കൃത്യങ്ങള്‍ വിവരിച്ചത്. ഊഹിക്കാന്‍ പോലും പറ്റത്ത കിരാത കൃത്യങ്ങളുടെ കഥകളായിരുന്നു അത്.
റോഹിംഗ്യകള്‍ക്കു നേരെ നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം മ്യാന്മര്‍ ഏറ്റെടുത്തേ പറ്റൂ -യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/p10_rohingya_one.jpg
കഴിഞ്ഞ വര്‍ഷം മ്യാന്മറില്‍ സൈന്യം നടത്തിയ കൊലക്കും കൊള്ളിവെപ്പിനും ബലാത്സംഗങ്ങള്‍ക്കും ശേഷം നാടുവിട്ട റോഹിംഗ്യന്‍ മുസ്്‌ലിംകളാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതം തിന്നു കഴിയുന്നത്. വംശീയ ഉന്മൂലനമെന്ന് നേരത്തെ യു.എന്‍ വിശേഷിപ്പിച്ച ആക്രമണം ജീവകാരുണ്യ രംഗത്തും മനുഷ്യാവകാശ രംഗത്തും പേക്കിനാവായി തുടരുകയാണെന്ന് ഗുട്ടറസ് പറഞ്ഞു. മ്യാന്മറില്‍ തുടര്‍ച്ചയായി അരങ്ങേറിയ വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം റോഹിംഗ്യകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടിയത്. ഇവിടെ താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നവരില്‍നിന്ന് ബലാത്സംഗത്തിന്റെയും കേട്ടുകേള്‍വിയില്ലാത്ത ആക്രമണങ്ങളുടെയും അനുഭവ വിവരണം യു.എന്‍ സെക്രട്ടറി ജനറള്‍ കേട്ടു.
ചരിത്രത്തില്‍ തന്നെ ഏറ്റവും കിരാതവും ആസൂത്രിതവുമായ മനുഷ്യാവകാശ ലംഘനമാണിതെന്ന് കുതുപുലാംഗ് ക്യാമ്പില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായി വിശേഷിപ്പിക്കാവുന്നതാണ് ഈ  ക്യാമ്പ്. സംഭവിച്ചതിന്റെ ഉത്തരവാദികളാരെന്ന കാര്യം ചിലപ്പോള്‍ ജനങ്ങള്‍ മറുന്നു പോകാം. പക്ഷേ, ഇവിടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതു മ്യാന്മറാണ് -അദ്ദേഹം പറഞ്ഞു.
അക്രമം തടയുന്നതില്‍ അന്തരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്. മ്യാന്മറില്‍ നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി ചുമത്തപ്പെടണമെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും (ഏഴ് ലക്ഷം പേര്‍) കഴിഞ്ഞ ഓഗസ്റ്റില്‍ രക്ഷപ്പെട്ട് എത്തിയവരാണ്. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ നൂറ്റാണ്ടുകളായി താമസിച്ചുവരുന്നവര്‍ക്ക് പൗരത്വം നിഷേധിച്ച് അനധികൃത കുടിയേറ്റക്കാരാക്കിയാണ് റോഹിംഗ്യകളെ പീഡിപ്പിക്കുന്നത്. ഇവരുടെ വീടും കൃഷി ഭൂമിയും കൈയേറുന്ന സൈനികരും ബുദ്ധവംശജരും പുകച്ചു പുറത്തു ചാടിക്കുന്നതിനാണ് വ്യാപകമായി സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കുന്നത്.
യു.എന്‍ മേധാവിയായതിനു ശേഷം റോഹിംഗ്യ കാമ്പുകള്‍ സന്ദര്‍ശിച്ച തനിക്ക് ഒരിക്കലും ഊഹിക്കാന്‍ പറ്റാത്ത കഥകളാണ് കേള്‍ക്കേണ്ടിവന്നതെന്ന് ഗുട്ടറസ് പറഞ്ഞു. ലോക ബാങ്ക് മേധാവി കിം ജോംഗ് കിമ്മും അദ്ദേഹത്തോടൊപ്പം അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഹൃദയം തകര്‍ക്കുന്ന അനുഭവങ്ങളാണ് റോഹംഗ്യന്‍ അഭയാര്‍ഥികളില്‍നിന്ന് താന്‍ കേട്ടത്. ഇവ ഒരിക്കലും തനിക്ക് മറക്കാനവില്ല- ഗുട്ടറസ് ട്വിറ്ററില്‍ കുറിച്ചു.
യു.എന്‍ രക്ഷാ സമിതി പ്രതിനിധി സംഘം മെയ് ആദ്യം മ്യാന്മറും റാഖൈന്‍ സ്റ്റേറ്റും സന്ദര്‍ശിച്ചിരുന്നു. മ്യാന്മറില്‍ നടപ്പിലാക്കിയത് വംശീയ ഉന്മൂലനമാണെന്ന യു.എന്നിന്റേയും അമേരിക്കയുടേയും പ്രസ്താവനകള്‍ മ്യാന്മര്‍ അധികൃതര്‍ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. റോഹിംഗ്യകളെ പുനരധിവിസിക്കാനുള്ള പദ്ധതിക്ക് മ്യാന്മറും ബംഗ്ലാദേശും നവംബറില്‍ തുടക്കമിട്ടെങ്കിലും അത് സ്തംഭിച്ചിരിക്കയാണ്. പുനരധിവാസം മുടങ്ങിയതിന് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. 200 ല്‍ താഴെ പേരെ മാത്രമാണ് പുനരധിവസിപ്പിക്കാന്‍ സാധിച്ചത്. പൗരത്വവും അവകാശങ്ങളും സുരക്ഷയും ഉറപ്പു നല്‍കാതെ തിരികെ പോകില്ലെന്ന നിലപാടിലാണ് അഭയാര്‍ഥികള്‍.
ഗുട്ടറസിന്റെ സന്ദര്‍ശത്തിനു മുമ്പായി നൂറോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മ്യാന്മറുമായി യു.എന്‍ ഉണ്ടാക്കിയ ധാരണയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.  റോഹംഗ്യ എന്നു പേരെടുത്ത് പറയാതെ യു.എന്‍ ഉണ്ടാക്കിയ കരാറിലുള്ള പ്രതിഷേധം ഗുട്ടറസിനെ അറിയിച്ചതായി റോഹിംഗ്യന്‍ നേതാവ് മൊഹിബുല്ല പറഞ്ഞു. റോഹിംഗ്യകളുടെ പൗരത്വം നിഷേധിക്കുകയെന്ന ലക്ഷ്യത്തോടെ ബംഗാളികളെന്നാണ് മ്യാന്മര്‍ അധികൃതര്‍ വിശേഷിപ്പിക്കാറുള്ളത്.
ഇവരുടെ അവകാശങ്ങള്‍ അംഗീകരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടായാണ് കരാറിനെ കാണ്ടേണ്ടതെന്ന് ഗുട്ടറസ് പ്രതികരിച്ചു.
 

Latest News