ഹൈദരാബാദ്- തെലങ്കാനയില്‍ നിയമവിരുദ്ധമായി പ്രസവത്തിനു മുമ്പുള്ള ലിംഗനിര്‍ണയ പരിശോധനകള്‍ നടത്തുകയും 100 അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തുകയും ചെയ്ത സംഘത്തിലെ 18 പേര്‍ അറസ്റ്റിലായി. വാറങ്കല്‍ ജില്ലയില്‍ നടന്ന സംയുക്ത ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.
മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് (എഎച്ച്ടിയു), കാകതിയ യൂണിവേഴ്‌സിറ്റി കാമ്പസ് പോലീസ് സ്‌റ്റേഷനിലെ ടാസ്‌ക് ഫോഴ്‌സ്, മെഡിക്കല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ ചേര്‍ന്നാണ് 18 പ്രതികളെ പിടികൂടിയത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.
ലിംഗനിര്‍ണയ സ്‌കാനിംഗ് മെഷീനുകളും 73,000 രൂപയും 18 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വെമുല പ്രവീണ്‍, വെമുല സന്ധ്യാറാണി, ഡോ ബല്‍നെ പര്‍ധു, ഡോ മോറം അരവിന്ദ, ഡോ മൊറാം ശ്രീനിവാസ് മൂര്‍ത്തി, ഡോ ബല്‍നെ പൂര്‍ണിമ, ബല്‍നെ പ്രദീപ് റെഡ്ഡി, കൈത രാജു, തല്ല അര്‍ജുന്‍, പ്രണൈ ബാബു, കീര്‍ത്തി മോഹന്‍, ബല്‍നെ അസലത, കൊങ്ങര രേണുക,ഭൂക്യ അനില്‍, ചെങ്ങെല്ലി ജഗന്‍, ഗണ്ണറപ്പു ശ്രീലത, ബന്ദി നാഗരാജു, കാസിരാജു ദിലീപ് എന്നിവരാണ് അറസ്റ്റിലായത്.
അനധികൃത ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഒന്നിലധികം പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് കമ്മീഷണര്‍ എ.വി രംഗനാഥ് ഹനംകൊണ്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യപ്രതി വെമുല പ്രവീണ്‍ മുമ്പ് സമാനമായ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിനായി പ്രവീണ്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യയെ ഉള്‍പ്പെടുത്തുകയും ചെയ്തു- മുതിര്‍ന്ന പോലീസ് ഓഫീസര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാകതീയ യൂണിവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെങ്കിടേശ്വര കോളനിയില്‍ സ്ഥിതി ചെയ്യുന്ന ഗോപാല്‍പൂര്‍ പ്രദേശത്താണ് മുഖ്യപ്രതിയുടെ ഭാര്യ സന്ധ്യാറാണി രഹസ്യ സ്‌കാനിംഗ് സെന്റര്‍ നടത്തിയിരുന്നത്.
ഹനംകൊണ്ടയിലെ ലോട്ടസ് ഹോസ്പിറ്റല്‍, ഗായത്രി ഹോസ്പിറ്റല്‍, നെക്കൊണ്ടയിലെ ഉപേന്ദര്‍ (പാര്‍ത്ഥു) ഹോസ്പിറ്റല്‍, നര്‍സാംപേട്ടിലെ ബാലാജി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ പ്രവര്‍ത്തനം നടന്നതെന്ന് പോലീസ് പറഞ്ഞു.