Sorry, you need to enable JavaScript to visit this website.

പരീക്ഷാ ഫലം പിന്‍വലിച്ചെന്ന് പ്രചാരണം; ബി.ജെ.പി നേതാവ് ചെയ്തത് തീവ്രവാദ പ്രവര്‍ത്തനമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം- പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന പേരില്‍ വ്യാജ വീഡിയോ തയ്യാറാക്കിയതില്‍ ബി.ജെ.പി നേതാവ് അറസ്റ്റിലായ സംഭവത്തില്‍ കൃത്യമായ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സംഭവത്തില്‍ അറസ്റ്റിലായ നിഖില്‍ തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.  ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശിവന്‍കുട്ടി.
ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം അറിഞ്ഞാണ് ഇയാളിത് ചെയ്തിരിക്കുന്നതെന്ന് താന്‍ പറയുന്നില്ലെങ്കിലും താമര ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച വാര്‍ഡ് മെമ്പറാണിയാളെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒരു വാര്‍ഡുമെമ്പര്‍ കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിയ രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനം ചെയ്യാന്‍ പാടുണ്ടോ എന്നത് ബി.ജെ.പി നേതൃത്വം പരിശോധിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
'രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പിന്‍വലിച്ചു എന്ന് തെറ്റായി വാര്‍ത്ത ഉണ്ടാക്കി യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ബി.ജെ.പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് ആയ അമ്പലത്തുംഭാഗത്തിലെ ബി.ജെ.പി വാര്‍ഡ് മെമ്പര്‍ ആയ നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്.ഈ വീഡിയോയ്‌ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
കേരളത്തിലിത് അംഗീകിച്ച് തരാന്‍ കഴിയില്ല. കാരണം കഴിഞ്ഞ രണ്ട് ദിവസമായി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലായ സംഭവമാണിത്. ലക്ഷക്കണക്കിന് കോളുകളാണ് മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഫോണിലേക്ക് വന്നത്. നിഖില്‍ മനോഹര്‍ ചെയ്തത് ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമല്ലേ. വിദ്യാഭ്യാസ രംഗത്തെ തീവ്രവാദ പ്രവര്‍ത്തനമാണിത്. കുട്ടികളും രക്ഷിതാകളും ഭയന്നില്ലേ. കുട്ടികള്‍ മാനിസികമായി വിഷമിച്ചില്ലേ-വി. ശിവന്‍കുട്ടി ചോദിച്ചു.
 പ്ലസ്ടു പരീക്ഷാഫലം വന്നതിന് ശേഷം ഫലത്തില്‍ അപാകതളുണ്ടെന്നും അതുകൊണ്ട് റിസള്‍ട്ട് പിന്‍വലിക്കുന്നുവെന്നുമാണ് ഒരു വീഡിയോ തയ്യാറാക്കി നിഖില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചത്.
വീ കാന്‍ മീഡിയ എന്ന യൂട്യൂബ് ചാനലാണ് വ്യാജ വാര്‍ത്ത അപ ലോഡ് ചെയ്തിരുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് നിഖില്‍ മനോഹറിനെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Latest News