ന്യൂഡൽഹി - ലൈംഗിക പീഡന കേസിൽ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമത്തിന് കേസെടുത്ത് പോലീസ്. സമരത്തിന് നേതൃത്വം നൽകുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംങ് പൂനിയ എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഗുസ്തി താരങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയതിന് കസ്റ്റഡിയിലായതിനു പിന്നാലെയാണ് കേസെടുത്തത്.
അതിനിടെ, സമരം ഒരു പുതിയ ചരിത്രം രചിക്കുന്നുവെന്ന് കേസ് രജിസ്റ്റർ ചെയ്തതിനെ കുറിച്ച് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. 'ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് ഏഴു ദിവസങ്ങളെടുത്തു. എന്നാൽ സമാധാനപരമായി സമരം ചെയ്ത ഞങ്ങൾക്കെതിരെ കേസെടുക്കാർ ഏഴുമണിക്കൂർ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ? സർക്കാർ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവൻ കാണുന്നുണ്ടെന്നും ജനാധിപത്യത്തെ പരസ്യമായി കൊല്ലപ്പെടുത്തിയെന്നും' വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.
'പോലീസ് എന്നെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഒന്നും പറയുന്നില്ല. ഞാൻ എന്തെങ്കിലും കുറ്റം ചെയ്‌തോ? ബ്രിജ് ഭൂഷനെയാണ് ജയിലിലിടേണ്ടത്. ഞങ്ങളെ എന്തുകൊണ്ടാണ് ജയിലിലാക്കിയിരിക്കുന്നതെന്ന് ബജ്‌റംങ് പൂനിയ ട്വിറ്ററിൽ ചോദിച്ചു. ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് നിർഭാഗ്യകരമാണെന്നും് ബജ്‌റംഗ് പുനിയ പ്രതികരിച്ചു. ജന്തർ മന്തറിലെ സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റിയെങ്കിലും സമരം വീണ്ടും ശക്തമാക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി.