നസിബ്- സിറിയയിലെ തെക്കന്‍ ഭാഗങ്ങളില്‍ സര്‍ക്കാര്‍ സേന തുടരുന്ന ബോംബ് വര്‍ഷത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് നാടുവിട്ടവര്‍ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ഗര്‍ഭിണിയായ ഭാര്യയോടൊപ്പം അതിര്‍ത്തിക്കടുത്തുള്ള പാടത്തു കഴിയുകയാണ് അയ്മന്‍ അല്‍ ഹുംസി എന്ന യുവാവ്. വേറെ എങ്ങോട്ടും പോകാനില്ലാതെ ഡസന്‍ കണക്കിനു മറ്റു കുടുംബങ്ങളും പാടത്ത് തങ്ങുകയാണ്. അധികൃതര്‍ ബാരല്‍ ബോംബുകളും ഷെല്‍ വര്‍ഷവും തുടരുന്ന ദര്‍ആ പ്രവിശ്യയുടെ അറ്റത്തുള്ള ഈ പ്രദേശത്തുനിന്ന് ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് ഒരു ഡസന്‍ മീറ്റര്‍ മത്രമേയുള്ളൂ. ഇവിടെ ഒരു സ്ത്രീക്ക് പ്രസവവേദന ഉണ്ടായാല്‍ ഏങ്ങോട്ടു പോകും. ആരുമില്ല സഹായിക്കാന്‍ -അയ്മന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ ഇല്ലെന്നു മാത്രമല്ല, കഠിനമായ ചൂടും സഹിക്കാനാവുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ പ്രവിശ്യയായ ദര്‍ആയില്‍ വ്യോമാക്രമണം രൂക്ഷമായതിനു ശേഷം 2,70,000 പേര്‍ പലായനം ചെയ്തുവെന്നാണ് യു.എന്‍ നല്‍കുന്ന കണക്ക്. ഇവരില്‍ 70,000 പേര്‍ക്ക് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ക്കുമുന്നില്‍ അതിര്‍ത്തി അടച്ചത്. ബോംബാക്രമണത്തില്‍നിന്ന് സ്ത്രീകളേയും കുട്ടികളേയും രക്ഷിക്കാന്‍ കഴിഞ്ഞു എന്നു മാത്രമേയുള്ളൂവെന്ന് അയ്മന്‍ അല്‍ ഹുംസി പറഞ്ഞു.
അയ്മന് ഇത് രണ്ടാമത്തെ പലായനമാണ്. സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ ഏഴു വര്‍ഷത്തിനിടെ, നേരത്തെ ഹുംസില്‍നിന്നാണ് ഈ യുവാവ് രക്ഷപ്പെട്ടത്. അയല്‍രാജ്യമായ ജോര്‍ദാനില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് അയ്മനും കുടുംബവും അതിര്‍ത്തിയില്‍ കഴിയുന്നത്.
എന്നാല്‍ 2016 ല്‍ അടച്ച അതിര്‍ത്തി സിറിയന്‍ അഭയാര്‍ഥികള്‍ക്കായി തുറക്കില്ലെന്ന നിലപാടിലാണ് ജോര്‍ദാന്‍. യു.എന്നില്‍ രജിസ്റ്റര്‍ ചെയ്ത ആറര ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇപ്പോള്‍ ജോര്‍ദാനിലുണ്ട്. യഥാര്‍ഥ സിറിയന്‍ അഭയാര്‍ഥികളുടെ കണക്ക് ഇതിന്റെ ഇരട്ടി വരുമെന്ന് ജോര്‍ദാന്‍ അവകാശപ്പെടുന്നു.
2011 ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ മൂന്നര ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരും അഭയാര്‍ഥികളുമായി.
ജേര്‍ദാന്‍ അതിര്‍ത്തിയിലെത്തിയ കുടുംബങ്ങളില്‍ ചിലര്‍ വാഹനങ്ങളിലും മറ്റുള്ളവര്‍ തുണികള്‍ വലിച്ചുകെട്ടിയുമാണ് കഴിയുന്നത്. സ്ത്രീകളും കുട്ടികളും കൊടുംചൂടില്‍ വലയുമ്പോള്‍ മലനിരകളില്‍ നിലയുറപ്പിച്ച അതിര്‍ത്തി സംരക്ഷണ ഭടന്മാരുടെ നിരീക്ഷണത്തിലാണ് അവര്‍. പ്രാഥമിക കര്‍മങ്ങള്‍ക്കു പോലും സൗകര്യമില്ലാതെ സ്ത്രീകളും പ്രായമായവരും ദുരിതത്തിലാണ്.
സിറിയക്കാരനെ വിവാഹം ചെയ്ത് ദര്‍ആയില്‍ താമസിച്ചിരുന്ന ജോര്‍ദാനിയന്‍ സ്ത്രീ കേണപേക്ഷിച്ചിട്ടും ജോര്‍ദാന്‍ അധികൃതര്‍ കനിയുന്നില്ല. ഞങ്ങള്‍ക്ക് വീടോ അഭയകേന്ദ്രമോ ഇല്ല. കൈയും മുഖവും കഴുകാന്‍ പോലും വെള്ളമില്ല. ഭക്ഷണത്തിനു വേണ്ടി പരക്കം പായുകയാണെന്നും സിറിയന്‍ യുദ്ധത്തില്‍ ഒരു മകന്‍ നഷ്ടപ്പെട്ട 48 കാരി പറഞ്ഞു.