റൊണാൾഡോയ്ക്ക് ദമാമിൽ ഉജ്വല വരവേൽപ്പ്
ദമാം- ദമാമിൽ അന്നസ്ർ, അൽ ഇത്തിഫാഖ് ക്ലബുകളുടെ മത്സരം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പോർച്ചുഗീസ് താരവും സൗദിയിലെ അന്നസ്ർ ക്ലബിലെ കളിക്കാരനുമായ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഉജ്വല വരവേൽപ്പാണ് ദമാമിൽ ലഭിച്ചത്.
റൊണാൾഡോ കഴിഞ്ഞ ദിവസം ദമാം എയർപോർട്ടിൽ എത്തുമെന്ന വിവരം പരന്നതോടെ നൂറുകണക്കിന് കായിക പ്രേമികൾ എയർപോർട്ടിലേക്ക് കുതിച്ചെത്തിയതോടെ ആരാധകരെ തടയാൻ സംഘാടകർ ഏറെ പ്രയാസപ്പെട്ടു.
റൊണാൾഡോ പങ്കെടുത്ത അൽ നസറും അൽ ഇത്തിഫാഖും തമ്മിലുള്ള മത്സരം കാണാൻ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളടക്കം വിവിധ രാജ്യക്കാരായ കായിക പ്രേമികൾ ഒഴുകിയെത്തി. റോഷൻ സൗദി ലീഗ് മത്സരങ്ങളുടെ ഭാഗമായാണ് ദമാം പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചത്. സ്റ്റേഡിയത്തിലെ ഗാലറികൾ നിറഞ്ഞു കവിഞ്ഞത്തോടെ അനേകം പേരാണ് ടിക്കറ്റ് ലഭിക്കാതെ മടങ്ങിയത്.
സ്റ്റേഡിയത്തിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ രാത്രി ഏറെ വൈകിയും ഫുട്‌ബോൾ പ്രേമികൾ കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ശനിയാഴ്ച രാത്രി എട്ടു മണിയോടെ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനിറങ്ങിയതോടെ ആരവങ്ങൾ വാനോളമുയർന്നു.
ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ കരുത്തരായ അർജന്റീനയെ തോൽപിച്ച സൗദിയ്ക്ക് പിന്നീട് മുന്നോട്ടു കുതിക്കാനായില്ലെങ്കിലും 2026 ലോകകപ്പിൽ വൻ തിരിച്ചുവരവും 2030 ലോകകപ്പിന്റെ ആതിഥേയത്വവുമാണ് സൗദി ലക്ഷ്യം വെക്കുന്നത്. 2030 ലോകകപ്പിൽ മറ്റു രാജ്യങ്ങൾക്കൊപ്പം സൗദിക്ക് ആതിഥ്യം വഹിക്കാനാകുമെന്നാണ് ഫുട്ബോൾ ഫെഡറേഷൻ കണക്കാക്കുന്നത്.
സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ 2030 ന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന് കൂടി ആതിഥേയത്വം വഹിക്കണമെന്ന് സൗദി അറേബ്യ ലക്ഷ്യം വെക്കുന്നു. ഖത്തറിൽ സമാപിച്ച ലോകകപ്പ് ഫുട്ബോളിൽ സൗദി ഫുട്ബോൾ ഫെഡറേഷനും ആരാധകരും അത്യാവേശത്തോടെയാണ് പങ്കെടുത്തത്.
ക്രിസ്റ്റ്യാനോ സൗദി ലീഗിൽ ബൂട്ട് കെട്ടിയതോടെ ലോക ഫുട്ബോളിന്റെ ശ്രദ്ധ സൗദിയിലേക്കാണ് ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്.