ന്യൂദല്‍ഹി- പ്രതിപക്ഷ കക്ഷി നേതാക്കള്‍ ജൂണ്‍ 12ന് പറ്റ്‌നയില്‍ യോഗം ചേരാന്‍ തീരുമാനം. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് യോഗം. പതിനെട്ടിലേറെ പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ നിന്നും 20 പ്രതിപക്ഷ കക്ഷികള്‍ മാറിനിന്നിരുന്നു. അതേ ദിവസം തന്നെയാണ് പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട യോഗത്തിന്റെ തിയ്യതിയും പുറത്തുവന്നത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പ്രതിപക്ഷ യോഗം വിളിച്ചു കൂട്ടുന്നതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിതീഷ് കുമാര്‍ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും രാഹുല്‍ഗാന്ധിയേയും സന്ദര്‍ശിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എന്‍ സി പി നേതാവ് ശരദ് പവാര്‍, ബി ജെ ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് എന്നിവരുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് 19 പാര്‍ട്ടികളാണ് ബഹിഷ്‌ക്കരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ യുണൈറ്റഡ്, ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന യു ബി ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്, സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീ ജനതാദള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് മാണി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, എം ഡി എം കെ, രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌ക്കരിച്ചത്.