ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയിലെ ബുരാരിയില്‍ 11 അംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വീട്ടിലെ ചുമരില്‍ 11 പൈപ്പുകള്‍ കണ്ടെത്തിയത് ദുരൂഹത ഏറ്റുന്നു. ഈ കുടുംബം വിചിത്രമായ ആചാരങ്ങള്‍ പിന്തുര്‍ന്നതായി നേരത്തെ പോലീസ് കണ്ടെടുത്ത കുറിപ്പുകളില്‍ നിന്നന് സൂചന ലഭിച്ചിരുന്നു. ഈ സംശയം ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തല്‍ മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഇടനാഴിയിലെ ചുമരില്‍ നിന്നാണ് പുറത്തേക്ക് വെറും പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ പൈപ്പുകളെല്ലാം അടുത്തായി വ്യത്യസ്ത ഉയരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പൈപ്പുകള്‍ സ്ഥാപിച്ച ഭാഗത്ത് വെള്ള ടാങ്കോ ഈ പൈപ്പുമായി ബന്ധിപ്പിക്കാന്‍ ഇടയുള്ള മറ്റെന്തെങ്കിലുമോ പോലീസ് കണ്ടെത്തിയിട്ടില്ല. ഈ പൈപ്പുകള്‍ക്കു സമാനമായാണ് വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ തൂങ്ങിക്കിടന്നിരുന്നത് എന്ന കണ്ടെത്തലാണ് ദുരൂഹതകളേറ്റുന്നത്.
മരിച്ച 11 പേരില്‍ ആറു പേരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. തൂങ്ങിമരണമാണെന്നാണ് സ്ഥിരീകരണം. ആത്മഹത്യയ്ക്കു മുമ്പ് മല്‍പ്പിടുത്തമോ ബലപ്രയോഗമോ നടന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഞായറാഴ്ച രാവിലെയാണ് ബുരാരിയിലെ വീട്ടില്‍ ഒരു കുടുംബത്തിലെ 10 പേരെ ആത്മഹത്യ ചെയ്ത നിലയിലും ഏറ്റവും മുതിര്‍ന്ന അംഗമായ 77-കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്.