കോഴിക്കോട്- ഭക്ഷണം കഴിച്ചയാൾ യു.പി.ഐ ഇടപാടിലൂടെ പണം അയച്ചതിനെ തുടർന്ന് ഹോട്ടലുടമയുടെ അക്കൗണ്ട് മരവിപ്പിച്ചു.തുടർന്ന് ഹോട്ടൽ തന്നെ അടച്ചുപൂട്ടി. താമരശേരി സ്വദേശി സാജിറിനാണ് ദുരവസ്ഥ. പണം അയച്ച ജയ്പൂർ സ്വദേശി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് സാജിറിന്റെ അക്കൗണ്ടും മരവിപ്പിച്ചത്. 263 രൂപയാണ് ജയ്പുർ സ്വദേശി സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപയുടെ തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാളെന്ന് ബാങ്ക് അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും സൈബർ സെല്ലാണ് നിർദ്ദേശം നൽകിയതെന്നും ബാങ്ക് പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ജയ്പൂർ ജവഹർ നഗർ പോലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടാനാണ് നിർദ്ദേശം. ഹോട്ടലിലെ വരുമാനം മാത്രമാണ് സാജിറിന്റെ ജീവനോപാധി. അക്കൗണ്ട് മരവിപ്പിച്ചതോടെ ബാങ്കിൽ നേരത്തെ ഉണ്ടായിരുന്ന പണം പോലും പിൻവലിക്കാനാകാത്ത അവസ്ഥയിലാണ് സാജിർ.