നാഗ്പൂര്‍- പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്ത രാഷ്ട്രീയ ജനതാദളിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി. ഈ കോണിലൂടെയുള്ള വിമര്‍ശനം അനാവശ്യമാണെന്നാണ്
പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച ഉവൈസിയുടെ നിലപാട്.
രാഷ്ട്രപതിയുടെ ഉന്നത ഓഫീസിനെ അപമാനിക്കുന്നതും ഭരണഘടനയുടെ അന്തസ്സ് ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു പകരം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെങ്കിലും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്താല്‍ മതിയായിരുന്നുവെന്നാണ് ഉവൈസ് പറഞ്ഞത്.
ആര്‍ജെഡിക്ക് ഉറച്ച നിലപാടില്ലെന്നും ചിലപ്പോള്‍ മതേതരത്വത്തെ കുറിച്ച് പറയുന്ന അവര്‍ തന്നെയാണല്ലോ ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയിരുന്നതെന്നും ഉവൈസി പറഞ്ഞു.
പഴയ പാര്‍ലമെന്റ് കെട്ടിടത്തിന് ദല്‍ഹി അഗ്‌നിശമനസേനയുടെ അനുമതി പോലുമില്ലായിരുന്നു. എന്തിനാണ് ആര്‍ജെഡി പാര്‍ലമെന്റിനെ ശവപ്പെട്ടി എന്ന് വിളിക്കുന്നത്? അവര്‍ക്ക് മറ്റെന്തെങ്കിലും പറയാമായിരുന്നു. എന്തിനാണ് അവര്‍ ഈ കോണിലുള്ള വിമര്‍ശനം കൊണ്ടുവന്നതെന്ന് അസദുദ്ദീന്‍ ഉവൈസി ചോദിച്ചു.
ശവപ്പെട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ആര്‍.ജെ.ഡി ഹിന്ദിയില്‍ 'യേ ക്യാ ഹേ എന്ന് ചോദിച്ചിരുന്നു.
പാര്‍ട്ടിയുടെ ട്വീറ്റിലെ ശവപ്പെട്ടി ജനാധിപത്യം കുഴിച്ചുമൂടപ്പെടുന്നതിന്റെ പ്രതീകമാണെന്നാണ് ആര്‍ജെഡിയുടെ ശക്തി യാദവ് പിന്നീട് വിശദീകരിച്ചത്.
പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും താരതമ്യത്തിന് ആര്‍ജെഡിക്ക് ഉചിതമായ മറുപടി നല്‍കണമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
രാജ്യത്ത് നല്ല കാര്യങ്ങള്‍ നടക്കുന്നത് കോണ്‍ഗ്രസിന് സഹിക്കാനാകില്ല, അവര്‍ ചെങ്കോലിനെക്കുറിച്ച് കള്ളം പറയുകയാണ്- അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്തതിനെയ ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
ബിജെപിയുടെ മാനസികാവസ്ഥ എല്ലായ്‌പ്പോഴും ദളിത് വിരുദ്ധവും ആദിവാസി വിരുദ്ധവുമാണെന്ന് എഎപിയുടെ സഞ്ജയ് സിംഗ് പറഞ്ഞു.