തിരുവനന്തപുരം - സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ഇനി ടി.സി നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ടി.സി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടു മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം 2023 - 24 വർഷം ലഭ്യമാക്കാൻ ഉള്ള ഉത്തരവിൽ മന്ത്രി ഒപ്പുവച്ചു.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വി ശിവൻകുട്ടി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.