ബംഗളൂരു- മുഖ്യമന്ത്രി പദത്തിനായി പരിശ്രമിച്ച് ഒടുവില്‍ ഉപമുഖ്യമന്ത്രിയായി നിയോഗിതനായ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വകുപ്പ് വിഭജനം വന്നപ്പോള്‍ ആഭ്യന്തര വകുപ്പുപോലും കിട്ടാതിരിക്കാന്‍ എന്താണ് കാരണം.
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി മുഖ്യമന്ത്രി സ്ഥാനത്തിന് പിന്നില്‍ രണ്ടാമനായി പരിഗണിക്കപ്പെട്ടിട്ടും മുതിര്‍ന്ന നേതാക്കളൊന്നും പോലീസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് വാസ്തവം. അതേസമയം ജലസേചനം, വൈദ്യുതി, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ക്കാണ് ഡിമാന്റ്.
കര്‍ണാടക മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഈ വകുപ്പിനോട് താല്‍പര്യം കാണിച്ചില്ല. ജി. പരമേശ്വരക്കാണ് ആഭ്യന്തരം നല്‍കിയിരിക്കുന്നത്. അധികാരമേറ്റയുടന്‍ പോലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രസ്താവന നടത്തിയെങ്കിലും വകുപ്പ് ഏറ്റെടുക്കാന്‍ ഇരുവരും തയാറായില്ല.
യഥാര്‍ഥ അധികാരമില്ലായ്മ, വകുപ്പിന്റെ സമ്മര്‍ദ്ദം, ചില സുപ്രധാന ചുമതലകള്‍ തസ്തികയുടെ അധികാരത്തില്‍നിന്ന് നീക്കം ചെയ്തത് എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. 'ഒന്നാമതായി, രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയുടെ വകുപ്പാണ്. പോലീസ് സ്ഥലംമാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയാണ്, ആഭ്യന്തര മന്ത്രിയല്ല- മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് സര്‍ക്കാരുകളിലും മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ആഭ്യന്തര വകുപ്പും തെറ്റായ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെന്ന് എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. മന്ത്രിക്ക് സ്ഥലംമാറ്റത്തില്‍ ഒരു റോളുമില്ല. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഡി.കെ ശിവകുമാറിന് ആഭ്യന്തര വകുപ്പു ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹം ജലസേചനമാണ് താല്‍പര്യപ്പെട്ടത്.