ന്യൂദല്‍ഹി വടക്കന്‍ ദല്‍ഹിയിലെ ബുരാരി മേഖലയിലെ ഒരു വീട്ടില്‍ നടന്ന കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ ആള്‍ദൈവ സ്വാധീനമെന്നു സംശിക്കുന്നതായി പോലീസ്. രാജസ്ഥാനില്‍ നിന്ന് ദല്‍ഹിയിലേക്കു കുടിയേറിയ 11 അംഗ കുടുംബത്തെയാണ് ഞായറാഴ്ച സന്ത് നഗറിലെ വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഈ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ കുറിപ്പുകളാണ് മരണത്തിനു പിന്നില്‍ കൂടോത്രം നടന്നിട്ടുണ്ടെന്ന സംശയത്തിനിടയാക്കിയത്. ഇവരുടെ ആത്മഹത്യാ കുറിപ്പുകളൊന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ കണ്ടെത്തിയ കുറിപ്പുകള്‍ അസാധാരണ ആചാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നവയാണ്. ഇതൊരു കൂട്ട ആത്മഹത്യയാണെന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചത്. ഇവരില്‍ ഒരാള്‍ മറ്റു പത്തു പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമെ ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടാകൂ എന്ന് പോലീസ് വ്യക്തമാക്കി.
11 പേരില്‍ പത്തു പേരുടെ മൃതദേഹങ്ങളും വീട്ടിനകത്തെ ഇടനാഴിയില്‍ തൂങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്. ആറ് സ്ത്രീകളും രണ്ടു കൗമാരക്കാരും ഉള്‍പ്പെടുന്ന ഇവരുടെ കണ്ണുകളും വായയും മൂടിക്കെട്ടിയ നിലയിലായിരുന്നു. ചിലരുടെ കൈകാലുകളും കെട്ടിയിട്ടുണ്ട്. 77കാരിയുടെ മൃതദേഹം തൊട്ടടുത്ത മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
പോലീസ് കണ്ടെത്തിയ കുറിപ്പുകളില്‍ അസാധാരണ ആചാരങ്ങളെ കുറിച്ചാണ് പറയുന്നത്. മനുഷ്യശരീരം താല്‍ക്കാലികം മാത്രമാണെന്നും ഭയത്തെ മറികടക്കാന്‍ കണ്ണുകളും വായയും മൂടികെട്ടിയാല്‍ മതിയെന്നും ഒരു കുറിപ്പില്‍ പറയുന്നതായി പോലീസ് പറയുന്നു. എങ്ങനെ മോക്ഷം നേടാം എന്നതിനെ കുറിച്ചാണ് കുറിപ്പുകളില്‍ പറയുന്നത്. ശരീരം ക്ഷണികമാണെന്നും ആത്മാവ് മാത്രമെ ബാക്കിയാകൂവെന്നും എങ്ങനെ അന്തിമമായി സമാധാനം നേടാം എന്നതിനെ കുറിച്ചെല്ലാമാണ് കുറിപ്പിലുള്ളത്. 11 പേര്‍ ഒരുമിച്ച് ഈ ആചാരക്രിയകള്‍ നടത്തിയാല്‍ എല്ലാ പ്രശനങ്ങളും പരിഹരിക്കപ്പെടുമെന്നും മോക്ഷം നേടുമെന്നും കുറിപ്പിലുണ്ടെന്ന് പോലീസ് പറയുന്നു.
കുറിപ്പില്‍ എഴുതിയതിനു സമാനമായ രീതിയിലാണ് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ പഠിച്ചു വരികയാണെന്നും ദല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. കുടുംബത്തിന് ഏതെങ്കിലും ആള്‍ദൈവങ്ങളുമായോ ഗൂഢതാന്ത്രികരുമായോ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുടുംബം മതപരമായ ആചാരങ്ങള്‍ പാലിക്കുന്നവരായിരുന്നെന്നും സംശയകരമായി ഒന്നും കണ്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. കുടുംബത്തിന് ഒരു പ്രശ്‌നവും നേരിട്ടിരുന്നില്ലെന്നും സാമ്പത്തിക ബാധ്യകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലോണു പോലും എടുക്കാത്തവരാണെന്നും ഇവരുടെ ബന്ധുവായ കേതന്‍ നാഗ്പാല്‍ പറയുന്നു.
77 കാരിയായ നാരായണ്‍ ദേവിയേയാണ് മുറിക്കുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളായ പ്രതിഭ(57), ഭവനേശ് (50), ലളിത് ഭാട്ടിയ(45), ഭവനേശിന്റെ ഭാര്യ സവിത (48), ഇവരുടെ മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിത് ഭാട്ടിയയുടെ ഭാര്യ ടിന(42), മകന്‍ ശിവം (15) എന്നിവരെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പ്രതിഭയുടെ കഴിഞ്ഞ മാസം വിവാഹ നിശ്ചയം കഴിഞ്ഞ മകള്‍ പ്രിയങ്ക (33)യും മരിച്ചവരില്‍ ഉള്‍പ്പെടും.