പയ്യന്നൂര്‍- രാജ്യത്തെ ജനാധിപത്യത്തിന്റെ സൗന്ദര്യം മോഡി കൊണ്ടുവരുന്ന ചെങ്കോലല്ലെന്നും ഭരണഘടനയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ നാട്ടുരാജാക്കന്മാരുടെ ചെങ്കോല്‍ പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉയര്‍ത്തിക്കാട്ടുമ്പോള്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ബ്രിട്ടീഷുകാരോട് നമ്മള് നടത്തിയത് അധികാര കൈമാറ്റമല്ലെന്നും സമരത്തിലൂടെ പുറത്താക്കുകയാണ് ചെയ്തതെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോഡിയുടെ അല്പത്തത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രസിഡന്റിന് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എന്താണ് അയോഗ്യതയെന്നും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ എന്തുകൊണ്ട് ചടങ്ങില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. ഉദ്ഘാടനം വിവാദമായപ്പോള്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ ബി.ജെ.പിയെ കൂട്ടുപിടിച്ച കുമാരസ്വാമിയുടെ പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് കര്‍ണ്ണാടകയില്‍ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 95 ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ വി.പി അപ്പുക്കുട്ട പൊതുവാളിനെ ചടങ്ങില്‍ വെച്ച് കെ.സുധാകരന് ആദരിച്ചു. അഡ്വ സോണി സെബാസ്റ്റിയന്, വി എ നാരായണന്, സജീവ് മാറോളി, കെ പി കുഞ്ഞിക്കണ്ണന്, പി ടി മാത്യു, എം നാരായണന്‍കുട്ടി, എം പി ഉണ്ണികൃഷ്ണന്, എം കെ രാജന്, ബാലകൃഷ്ണന് പെരിയ, കെ സി മുഹമ്മദ് ഫൈസല്‍, അജിത്ത് മാട്ടൂല്‍,എ പി നാരായണന്, ബ്രിജേഷ് കുമാര്‍, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, വി സി നാരായണന്, രജനി രമാനന്ദ്, ശ്രീജ മഠത്തില്‍, അത്തായി പത്മിനി, ഇ പി ശ്യാമള, എ.സി അതുല്‍, എം പി മധുസൂദനന്, മഹേഷ് കുന്നുമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.