ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 59 ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കള്‍ നെഹ്‌റുവിനെ അനുസ്മരിച്ചു. ഖാര്‍ഗെയും രാഹുലും നെഹ്രുവിന്റെ ദല്‍ഹിയിലെ സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. നെഹ്രുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ അനുസ്മരണം.
'പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്ന ദീപസ്തംഭമാണത്. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, ആധുനികത എന്നീ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ജീവിതം സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് എപ്പോഴും ഞങ്ങളുടെ മനസാക്ഷിയേയും പ്രവര്‍ത്തനങ്ങളേയും നയിക്കുന്നത്', നെഹ്‌റുവിനെ അനുസ്മരിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.
'നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു', എന്നായിരുന്നു മോഡിയുടെ ട്വീറ്റ്. ജനാധിപത്യത്തിന്റെ നിര്‍ഭയനായ കാലല്‍ക്കാരനായിരുന്നു നെഹ്‌റുവെന്നും അദ്ദേഹത്തിന്റെ പുരോഗമന ആശങ്ങള്‍ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വികസനത്തെ മുന്നോട്ടുനയിച്ചുവെന്ന് ഖാര്‍ഗെ അനുസ്മരിച്ചു.