ന്യൂഡൽഹി - പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് വിട്ട മുതിർന്ന മുൻ നേതാവും ഡെമോക്രാറ്റിക് ആസാദി പാർട്ടി അധ്യക്ഷനുമായ ഗുലാം നബി ആസാദ്. വിമർശിക്കുകയല്ല, റെക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിച്ചതിന് ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.
ഏകദേശം 30-35 വർഷം മുമ്പ് മുമ്പ് ഞാൻ പാർലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോൾ പുതിയ പാർലമെന്റ് മന്ദിര നിർമാണം ഞങ്ങൾ സ്വപ്നം കണ്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവും ശിവരാജ് പാട്ടീലും ഞാനും പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുകയും ഏകദേശ രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾക്കത് ചെയ്യാനായില്ല. എന്നാൽ, ഇന്നതിന്റെ നിർമാണം പൂർത്തിയായി. നല്ലൊരു കാര്യമാണത്. പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ നിർവഹിക്കുന്നത് എന്നത് വലിയ വിഷയമല്ല.
ഉദ്ഘാടന ദിവസം ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ല. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ഇത്ര ചെറിയ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്ത് 20 പാർട്ടികൾ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിൽ അവഗണിച്ചതിന്റെ പേരിൽ ചടങ്ങ് ബഹിഷ്‌കരിക്കുമ്പോൾ ഗുലാം നബി ആസാദിനെ കൂടാതെ ബി.എസ്.പി നേതാവ് മായാവതി, ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ എന്നിവർ പ്രതിപക്ഷ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.