കൊണ്ടോട്ടി-കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംങ് പ്രവൃത്തികള്‍ അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാക്കാനാവുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്മാന് അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. വിമാനത്താവള ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജനുവരി 15 മുതല്‍ റണ്‍വേ റീകാര്പ്പറ്റിംങ് നടത്തുന്നതിനാല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരേ റണ്‍വേ അടച്ചിടുകയാണ്. നവംബറോടെ റണ്‍വേ റീ കാര്‍പ്പറ്റിംങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവൃത്തികള്‍ ജൂണ്‍ മധ്യത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് ഉപദേശക സമിതി യോഗം വിലയിരുത്തി.
ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷ് യോഗത്തില്‍ അറിയിച്ചു.വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തുലാക്കും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം അടക്കം ആറ് മാസത്തിനുള്ളില്‍ നല്‍കാനാകുമെന്നും ഭൂമി ഏറ്റെടുക്കാനാകുമെന്നും ലാന്‍ഡ് അക്വാസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.പി പ്രേംലാല്‍ പറഞ്ഞു.
എമിഗ്രേഷനില്‍ ബാഗേജുകള്‍ എത്തിച്ചേരാനുള്ള പ്രയാസം ഒഴിവാക്കാന്‍ നടപടി എടുക്കാന്‍ വകുപ്പിനോട് അഭ്യര്‍ഥിച്ചു.എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍,പി.ടി ഉഷ,എം.എല്‍.എമാരായ ടി.വി ഇബ്രാഹീം,പി.അബ്ദുല്‍ ഹമീദ്,കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി ഫാത്തിമത് സുഹ്റാബി,പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി സംസാരിച്ചു.