ഖാര്‍ത്തൂം- സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ജോര്‍ദാന്‍ അംബാസഡറുടെ താമസസ്ഥലത്തിനു നേരെ സായുധ സംഘത്തിന്റെ ആക്രമണം. സുഡാനിലെ ജോര്‍ദാന്‍ അംബാസഡറും എംബസി ജീവനക്കാരും പോര്‍ട്ട്‌സുഡാന്‍ നഗരത്തിലാണുള്ളത്.
നയതന്ത്ര കെട്ടിടങ്ങളുടെ പവിത്രത ലംഘിക്കുന്നത് അടക്കം എല്ലാവിധ അക്രമ, നശീകരണ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നതായി ജോര്‍ദാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും എല്ലാവരും മാനിക്കണമെന്നും ജോര്‍ദാന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഖാര്‍ത്തൂമിലെ ലിബിയന്‍ മിലിട്ടറി അറ്റാഷെ കെട്ടിടത്തിനു നേരെയും കഴിഞ്ഞ ദിവസം സായുധ സംഘം ആക്രമണം നടത്തി. ലിബിയന്‍ മിലിട്ടറി അറ്റാഷെ കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണം വിയന്ന കണ്‍വെന്‍ഷന്റെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണ്. എംബസികള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് വിയന്ന കണ്‍വെന്‍ഷനും അന്താരാഷ്ട്ര മര്യാദകളും ആവശ്യപ്പെടുന്നു. സഹോദര രാജ്യങ്ങള്‍ തമ്മിലെ സഹകരണ ബന്ധങ്ങളെ തകര്‍ക്കുന്ന ഈ ക്രിമിനല്‍ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടവരെ സുഡാന്‍ അധികൃതര്‍ പ്രോസിക്യൂട്ട് ചെയ്യണം. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ ലിബിയ ആക്രമിക്കുന്നതായും ലിബിയന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
സുഡാനില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ തുടരുന്നതിനെ നിരാകരിക്കുന്നതായും ലിബിയന്‍ വിദേശ മന്ത്രാലയം പറഞ്ഞു. സൗദി അറേബ്യയും യു.എ.ഇയും അടക്കം മറ്റേതാനും രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഖാര്‍ത്തൂമില്‍ ആക്രമണങ്ങളുണ്ടായിരുന്നു.