ന്യൂദല്‍ഹി- കേട്ടാല്‍ അമ്പരപ്പിക്കുന്ന ചോദ്യങ്ങളുമായി പുതിയ സെന്‍സസ് ചോദ്യാവലി. കുടിക്കുന്നത് കുപ്പി വെള്ളമാണോ എന്നത് മുതല്‍ ഇന്റര്‍നെറ്റ് ലഭ്യത, ശൗചാലയ സൗകര്യം, സ്വന്തമായി വീടുണ്ടായിട്ടും അവിടെ താമസിക്കാന്‍ കഴിയാത്ത സാഹചര്യം തുടങ്ങിയ ചോദ്യങ്ങളും പുതിയ സെന്‍സസ് പട്ടികയിലുണ്ട്. എന്ത് കാരണം കൊണ്ടാണ് ഒരാള്‍ക്ക് അംഗഭംഗം സംഭവിച്ചതെന്നും വിശദമായി ചോദ്യങ്ങളുണ്ട്. ആസിഡ് അറ്റാക്ക്, ഗുരുതര നാഡീസംബന്ധമായ അസുഖം, രക്ത ചംക്രമണത്തിലെ കുഴപ്പം കൊണ്ടാണോ എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. മാനസിക വൈകല്യം സംബന്ധിച്ചും ചോദ്യങ്ങളുണ്ട്.
പത്തു വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട സെന്‍സസ് ചരിത്രത്തില്‍ ആദ്യമായി കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ തവണ തടസപ്പെട്ടിരുന്നു. 2011ലാണ് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ സെന്‍സസ് നടന്നത്. ഭരണഘടന അനുശാസിക്കുന്നത് അനുസരിച്ച് ഇന്ത്യയില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍, ഏതു സമയത്താണ് സെന്‍സസ് നടത്തേണ്ടതെന്ന് വ്യക്തമായി പറയുന്നില്ല. 1948ലെ സെന്‍സസ് ഓഫ് ഇന്ത്യ നിയമത്തിലും ഇതിനുള്ള സമയക്രമം കൃത്യമായി നിര്‍ദേശിച്ചിട്ടില്ല. ഈ വര്‍ഷത്തെ സെന്‍സസ് നടപടികളുടെ ഒന്നാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കും.
പുതിയ സെന്‍സസ് രേഖയില്‍ മറ്റൊരു സ്ഥലത്തേക്കുള്ള കുടിയേറ്റത്തിനുള്ള കാരണമായി പുതുതായി പ്രകൃതി ദുരന്തം എന്ന ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന വിദ്യാഭ്യാസം, ജോലി, വിവാഹം എന്നീ ഓപ്ഷനുകള്‍ക്ക് പുറമെയാണ് പ്രകൃതി ദുരന്തം എന്ന ഓപ്ഷന്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒട്ടേറെ മതവിശ്വാസങ്ങള്‍ ഉള്ള ഇന്ത്യയില്‍ പുതിയ സെന്‍സസ് പട്ടികയില്‍ ആറു മതങ്ങളെ മാത്രമാണ് പ്രത്യേകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈനമതം എന്നീ മതങ്ങളെ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നു ലിംഗായത്ത് വിഭാഗവും ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രകൃതിയാരാധന നടത്തുന്ന സര്‍ന വിശ്വാസത്തില്‍ ഉള്‍പ്പെട്ടവരും തങ്ങളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, ആറു മതവിശ്വാസങ്ങളില്‍ പെട്ടവരല്ലാത്ത ഇതര വിശ്വാസികള്‍ക്ക് തങ്ങളുടെ മതം ഏതാണ് എന്ന് രേഖപ്പെടുത്താമെങ്കിലും ഇതിനായി പ്രത്യേക കോളം നീക്കിവെച്ചിട്ടില്ല. ഇവരുടെ വിവരം രേഖപ്പെടുത്താന്‍ പുതിയ സെന്‍സസ് രേഖയില്‍ പ്രത്യേക കോഡ് നമ്പറുമില്ല. ഇവരുടെ മതം സംബന്ധിച്ച വിവരം പ്രത്യേകം എഴുതിച്ചേര്‍ക്കേണ്ടി വരും.
2011ലെ സെന്‍സസ് രേഖകളില്‍ മറ്റു മതവിശ്വാസങ്ങളില്‍ പെട്ടവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നിരവധി കോഡുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. അതാണ് ഇത്തവണ ആറെണ്ണം മാത്രമാക്കി ചുരുക്കിയത്. 2011-ലെ സെന്‍സസ് സമയത്ത് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മതത്തിനായി വിശദമായ കോഡുകള്‍ രൂപകല്‍പ്പന ചെയ്തത്. പിന്നീട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം ആറ് മതങ്ങളെ മാത്രം ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കിയ 1981 മുതലുള്ള ഇന്ത്യന്‍ സെന്‍സസിനെക്കുറിച്ചുള്ള പ്രബന്ധം എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മെയ് 22 ന് ദല്‍ഹിയിലെ പുതിയ സെന്‍സസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഇനി നടക്കാനിരിക്കുന്നത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് ആണ്. ആളുകള്‍ക്ക് അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്നു തന്നെ ഓണ്‍ലൈന്‍ ആയി ചോദ്യാവലികള്‍ പൂരിപ്പിച്ചു നല്‍കാനുള്ള അവസരമുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന സെന്‍സസില്‍ ആദ്യഘട്ടത്തില്‍ വീടുകളുടെ വിവരങ്ങള്‍ ഉള്‍പ്പടെ 31 ചോദ്യങ്ങളാണുള്ളത്്. ജനസംഖ്യ കണക്കെടുപ്പ് ഉള്‍പ്പടെയുള്ള രണ്ടാം ഘട്ടത്തില്‍ 28 ചോദ്യങ്ങളുമുണ്ട്. 2021 ലെ സെന്‍സെസ് ശേഖരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട്, ഇലക്ട്രോണിക് മാര്‍ഗങ്ങളും പരമ്പരാഗത പേപ്പര്‍ ഫോമുകളും ഉപയോഗിച്ച് ഡാറ്റ ശേഖരിക്കാന്‍ തീരുമാനിച്ചു. അടുത്ത സെന്‍സസിലെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം നിങ്ങള്‍ കുടിക്കുന്നത് കുപ്പിവെള്ളമാണോ എന്നതാണ്. വീട്ടിലെ കുടിവെള്ള പ്രധാന കുടിവെള്ള സ്രോതസ് കുപ്പിയിലാക്കിയ വെള്ളം ആണോ എന്നാണ് ചോദ്യം. കുടിക്കാന്‍ വെള്ളം എടുക്കുന്നത് എവിടെ നിന്നാണെന്നു വരെ ഉത്തരം നല്‍കണം. വീടിന്റെ പരിസരത്തിന് സമീപം, നഗരപ്രദേശങ്ങളില്‍ 100 മീറ്ററിനുള്ളില്‍, ഗ്രാമപ്രദേശങ്ങളില്‍ 500 മീറ്ററിനുള്ളില്‍ തുടങ്ങിയ ഓപ്ഷനുകളാണ് ഈ ചോദ്യത്തിന് നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ പാചകത്തിന് ഗ്യാസ് സിലിണ്ടറാണോ പൈപ്പ് ഗ്യാസ് ആണോ എന്നും ചോദ്യമുണ്ട്. വീട്ടില്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം ഏതാണ്, വീട്ടില്‍ എത്ര സ്മാര്‍ട്ട് ഫോണ്‍ കണക്ഷനുകളുണ്ട്, എത്ര ഡിടിഎച്ച് കണക്ഷന്‍ ഉണ്ട്, എന്നിവയാണ് 2021ലെ സെന്‍സസില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യങ്ങള്‍.
ജോലിസ്ഥലത്തേക്കുള്ള യാത്രയെക്കുറിച്ചും അടുത്ത സെന്‍സസില്‍ ചോദ്യങ്ങളുണ്ടാകും. യാത്രാ രീതിയെക്കുറിച്ചും മെട്രോ ഉപയോഗിക്കാറുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ചോദ്യങ്ങളായി വരും. വാടക വീട്ടില്‍ താമസിക്കുന്നവരാണെങ്കില്‍ മറ്റെവിടെയെങ്കിലും വീടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കണം.