തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ന്യൂദല്‍ഹി-തമിഴ്‌നാട്ടിലെ ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 34.7 ലക്ഷം രൂപ പിടിച്ചെടുത്തതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്-1 രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്.  യുകെ ആസ്ഥാനമായുള്ള ലൈക ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ പെറ്റിഗോ കൊമേഴ്‌സിയോ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഗൗരവ് ചച്ച നല്‍കിയ പരാതിയില്‍  കല്ലല്‍ ഗ്രൂപ്പും അതിന്റെ ഡയറക്ടര്‍മാരായ ശരവണന്‍ പളനിയപ്പന്‍, വിജയകുമാരന്‍, അരവിന്ത് രാജ്, വിജയ് അനന്ത്, ലക്ഷ്മി മുത്തുരാമന്‍, പ്രീത വിജയാനന്ദ് എന്നിവരും ചേര്‍ന്ന് കോടികള്‍ തട്ടിയെടുത്തുവെന്ന് പറഞ്ഞിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, ലൈക്ക ഹോട്ടല്‍സ് എന്നിവയിലുടെ ഇന്ത്യയില്‍ ലൈക്ക ഗ്രൂപ്പിന് കാര്യമായ സാന്നിധ്യമുണ്ട്.  നിക്ഷേപങ്ങളും വായ്പകളും നല്‍കി ലൈക്ക ഗ്രൂപ്പും 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇഡിയുടെ അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികളുടെയും പരാതിക്കാരുടെയും സ്ഥലങ്ങളില്‍ ഇഡി തിരച്ചില്‍ നടത്തിയിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍, സ്വത്തുക്കള്‍, സംശയാസ്പദമായ പണം, ഹവാല ഇടപാടുകള്‍ എന്നിങ്ങനെയുള്ള  തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും ഇ.ഡി പറയുന്നു.
വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

Latest News