ചെന്നൈ- തമിഴ്‌നാട്ടില്‍ പൂജാരിമാരുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളുടെ വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചിദംബരം നടരാജര്‍ ക്ഷേത്രത്തിലെ പൂജാരിമാരുടെ മക്കളുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണ് വൈറലായത്.
പുരോഹിതന്മാരുടെ മക്കളുടേത് ശൈശവവിവാഹമല്ലെന്നും മക്കള്‍ അങ്ങനെ പറയാന്‍ നിര്‍ബന്ധിതരായതാണെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) അംഗം ഡോ.ആര്‍.ജി. ആനന്ദ് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഗവര്‍ണര്‍ ആര്‍എന്‍ രവിയും ശൈശവ വിവാഹമല്ലെന്ന് പറഞ്ഞിരുന്നു.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഫോട്ടോഗ്രാഫുകളില്‍ കുറഞ്ഞത് മൂന്ന് ബാല വധുക്കളെങ്കിലുമുണ്ട്. വൈദികരുടെ പെണ്‍മക്കളുടെ വിവാഹ ചടങ്ങിനിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കുടുംബാംഗങ്ങളെ ചിത്രങ്ങളില്‍ തിരിച്ചറിയാനാകും. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂജാരിമാരുടെ തന്നെ സെല്‍ഫോണുകളില്‍ നിന്നാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.
വിവാഹത്തിന്റെ ഫോട്ടോകള്‍, ശൈശവ വിവാഹം നടന്ന മണ്ഡപങ്ങളില്‍ നിന്നുള്ള രസീതുകള്‍, വിവാഹ ക്ഷണക്കത്തുകള്‍, മണവാളന്റെയും വധുവിന്റെയും പേരുകളുള്ള മഞ്ഞ താംബൂലം സഞ്ചികള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സാമൂഹ്യക്ഷേമ വകുപ്പ് പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. ശൈശവവിവാഹങ്ങള്‍ നടന്നിട്ടില്ലെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നു. ഇതില്‍ ചില കേസുകളില്‍ വരന്‍മാരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പറയുന്നു.
ശൈശവ വിവാഹം നടന്നതും ഗവര്‍ണര്‍ ഇത് നിഷേധിക്കുന്നതും ഖേദകരമാണെന്ന് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ (എഐഡബ്ല്യുഎ) ദേശീയ വൈസ് പ്രസിഡന്റ് വാസുകി ഉമാനാഥ് പറഞ്ഞു. നിയമം നിരോധിക്കുന്ന ശൈശവ വിവാഹങ്ങളെ ഗവര്‍ണര്‍ പിന്തുണക്കുകയാണ്. ഇത് ഭരണഘടനാ പരിധി ലംഘിക്കുന്ന നടപിടിയാണ്. സംഘ് പ്രത്യയശാസ്ത്രം കൂടുതലായി അടിച്ചേല്‍പ്പിക്കുകയാണെന്നും എന്‍സിപിസിആര്‍ അംഗം ഡോ. ജി.ആനന്ദ് പോലും സമ്മര്‍ദത്തിനു വഴങ്ങിയിരിക്കയാണെന്നും അവര്‍ പറഞ്ഞു.