- റഷ്യൻ ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ
- റഷ്യ 1 (4) - സ്പെയിൻ 1 (3)
മോസ്കോ- പിരിമുറുക്കം നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ റഷ്യയുടെ രക്ഷകനായി ഗോളി ഇഗോർ അകിൻഫീവ്. മുൻ ചാമ്പ്യന്മാരായ സ്പെയിന്റെ രണ്ട് കിക്കുകൾ അസാമാന്യ മെയ്വഴക്കത്തോടെ അകിൻഫീവ് തട്ടിയകറ്റിയതോടെ റഷ്യക്കുമുന്നിൽ തുറന്നത് ലോകകപ്പ് ക്വാർട്ടറിലേക്കുള്ള വാതിൽ. ഒന്നാം റൗണ്ട് കടക്കില്ലെന്ന് ഫുട്ബോൾ പണ്ഡിതന്മാർ പ്രവചിച്ച റഷ്യ, ഇതാ അവസാന എട്ടിൽ.
നിശ്ചിത സമയത്തും എസ്ട്രാ ടൈമിലും 1-1 എന്ന നിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റഷ്യക്കുവേണ്ടി കിക്കെടുത്ത നാല് പേരും ലക്ഷ്യം കണ്ടപ്പോൾ സ്പെയിന്റെ കോക്കെയുടെയും ഇയാഗോ ആസ്പാസിന്റെയും കിക്കുകൾ അകിൻഫീവ് തട്ടിയകറ്റി. അവസാന കിക്കെടുത്ത ആസ്പാസിന്റെ ഷോട്ടിനായി വലതുവശത്തേക്കാണ് അകിൻഫീവ് ചാടിയത്. എന്നാൽ പന്ത് നേരെ വരുന്നതുകണ്ട് ഇടതുകാൽ കൊണ്ട് തട്ടിയകറ്റുകയായിരുന്നു. അതുകണ്ട് റഷ്യൻ കളിക്കാർ അത്യാഹ്ലാദത്തോടെ മൈതാനത്തേക്ക് കുതിച്ചു.
നേരത്തെ മത്സരത്തിന്റെ 74 ശതമാനം സമയവും പന്ത് നിയന്ത്രിച്ചിട്ടും സ്വന്തമായി ഒരു ഗോളടിക്കാൻ സ്പെയിന് കഴിഞ്ഞില്ല. പന്ത്രണ്ടാം മിനിറ്റിൽ സ്പെയിൻ മുന്നിലെത്തിയത് റഷ്യൻ ഡിഫൻഡർ സെർജി ഇഗ്നാഷെവിച്ചിന്റെ സെൽഫ് ഗോളിലാണ്. സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ഷോട്ട് തടയാനുള്ള ഇഗ്നാഷെവിച്ചിന്റെ ശ്രമം സ്വന്തം വലയിലാണ് അവസാനിച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഷ്യ സമനില ഗോൾ നേടി. ബോക്സിൽ സ്പാനിഷ് ഡിഫൻഡർ ജെറാഡ് പിഖെ പന്ത് കൈകൊണ്ട് തട്ടിയതിനെ ലഭിച്ച പെനാൽറ്റി കിക്ക് അർട്ടം ഡിസ്യൂബ ഒരു പരിഭ്രമവും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു.
പ്ലേമേക്കർ ആന്ദ്രെസ് ഇനിയെസ്റ്റയെ കരയ്ക്കിരുത്തി കോകെയെ ഇറക്കാനുള്ള സ്പാനിഷ് കോച്ച് ഫെർണാണ്ടോ ഹിയേറോയുടെ നീക്കം തുടക്കത്തിൽ ചില ചലനങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയമായി. ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇടം കിട്ടിയ മാർക്കോ അസെൻസിയോയും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. ആദ്യ അരമണിക്കൂറിൽ സ്പെയിന്റെ നിരന്തര ആക്രമണമായിരുന്നു. എന്നാൽ മറുഭാഗത്ത് അഞ്ച് ഡിഫന്റർമാരെ നിരത്തി സ്പെയിന്റെ ആക്രമണങ്ങൾക്ക് തടയിടുകയായിരുന്നു റഷ്യൻ കോച്ച് സ്റ്റാനിസ്ലാവ് ചെർചേസോവ്. പരമ്പരാഗതമായ 5-3-2 ശൈലി സ്വീകരിച്ച അദ്ദേഹം സ്പാനിഷ് ആക്രമണങ്ങളുടെ മുനയൊടിച്ചു. റഷ്യൻ പ്രതിരോധത്തെ മറികടക്കാൻ ഡീഗോ കോസ്റ്റയും കൂട്ടരും പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇടവേളക്കുശേഷം ഇനിയെസ്റ്റയെതന്നെ ഹിയേറോ കളത്തിലിറക്കിയിട്ടും ഫലമുണ്ടായില്ല. കളിച്ച് ഗോളടിക്കുന്നതിനേക്കാൾ ഷൂട്ടൗട്ടിലേക്ക് പോകട്ടെ എന്ന നിലയിലായിരുന്നു റഷ്യയുടെ കളി. ആ തന്ത്രം ഫലിക്കുകയും ചെയ്തു.