ചിക്കബെല്ലാപ്പൂര്‍-കര്‍ണാടകയിലെ ചിക്കബെല്ലാപ്പൂര്‍ ജില്ലയില്‍ ഹിന്ദു യുവാവും മുസ്ലിം പെണ്‍കുട്ടിയും ആക്രമിക്കപ്പെട്ട സദാചാര പോലീസ് കേസില്‍ രണ്ട് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.ചിക്കബല്ലാപ്പൂരിലെ നക്കലക്കുണ്ടെ സ്വദേശികളായ 20 കാരന്‍ വഹീദ്, 21 കാരന്‍ സദ്ദാം എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഇമ്രാന്‍ വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
മുസ്ലിം വനിതാ സുഹൃത്തിനൊപ്പം കറങ്ങിനടന്നതിന് ഹിന്ദു യുവാവിനെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ മര്‍ദിച്ച സംഭവം വ്യാഴാഴ്ചയാണ് പുറത്തുവന്നത്. പ്രതികള്‍ പെണ്‍കുട്ടിയെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ചിക്കബല്ലാപ്പൂരിലെ ഒരു ചെറിയ ഹോട്ടലില്‍ ഇരുന്നവരാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. യുവതി ബുര്‍ഖ ധരിച്ചിരുന്നു. പ്രതികളെ നിരീക്ഷിച്ച സംഘം യുവാവ് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഘം ആദ്യം യുവാവിനെ വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ പെണ്‍കുട്ടി തനിക്ക് നന്നായി അറിയുന്നയാളാണെന്ന് പറഞ്ഞ് പ്രതികളെ ചോദ്യം ചെയ്തു. എന്നാല്‍ മാപ്പ് പറയാനാണ് പെണ്‍കുട്ടിയോട് പ്രതികള്‍ ആവശ്യപ്പെട്ടത്.
പിന്നാലെ പ്രതികള്‍ക്കെതിരെ പെണ്‍കുട്ടി ചിക്കബെല്ലാപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംസ്ഥാനത്ത് സദാചാര പോലീസിംഗ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ വ്യക്തമാക്കിയിരുന്നു.