പിതാവിന്റെ കടിഞ്ഞാണില്ലാത്ത നാവ് മൂലം, ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വന്നുകയറിയ മേഗന്‍ മാര്‍ക്കിളിനു സ്വസ്ഥതയില്ലെന്ന് മാധ്യമങ്ങള്‍. രാജകുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ തോമസ് മാര്‍ക്കിള്‍ ഇനിയും സംസാരം തുടര്‍ന്നാല്‍ പിതാവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ മേഗന്‍ തയാറാവുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഹാരി രാജകുമാരനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ വരെ ചാനലില്‍ തോമസ് മാര്‍ക്കിള്‍ വിളിച്ചുപറഞ്ഞു. പോരാത്തതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ സമയമുള്ള രാജ്ഞി തന്നെ കാണാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു തോമസിന്റെ പരാതി. തന്നെ കാണാതിരിക്കുന്നതില്‍ ന്യായങ്ങള്‍ ഒന്നുമില്ലെന്നും താനത്ര മോശക്കാരനൊന്നുമല്ല എന്നുമായിരുന്നു കമന്റ്. രാജകുടുംബത്തെ തന്നെ അപമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത് ഡച്ചസ് ഓഫ് സസക്‌സ് ആകുന്ന മേഗന് കടുത്ത തീരുമാനം എടുക്കേണ്ട അവസ്ഥയിലെത്തിച്ചത്.
മുമ്പ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താമെന്ന് പറഞ്ഞ ശേഷമാണ് തോമസ് മാര്‍ക്കിള്‍ പാപ്പരാസികളുടെ പൈസ വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഹൃദയശസ്ത്രക്രിയയുടെ പേരില്‍ വിവാഹത്തിനെത്തിയില്ല. വിശ്രമിക്കുന്ന അവസരത്തിലാണ് ടിവി അഭിമുഖം. ഇതിന് ശേഷം മകള്‍ പിതാവിനെ ഫോണില്‍ വിളിച്ചിട്ടില്ല. പിതാവിനോട് സംസാരിക്കാന്‍ മേഗന് പേടിയാണെന്നാണ് പറയപ്പെടുന്നത്. മുമ്പ് അര്‍ദ്ധ സഹോദരിയും, സഹോദരനുമൊക്കെ മേഗന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.