Sorry, you need to enable JavaScript to visit this website.

മുസ്‌ലിം വിദ്യാർഥിനിക്കൊപ്പം ഭക്ഷണം കഴിച്ച ഹിന്ദു സഹപാഠിക്കെതിരെ സദാചാര പോലീസ്

ബംഗളൂരു- കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബുധനാഴ്ച ചിക്കബെല്ലാപുരയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഹപാഠികള്‍ക്കെതിരെയായിരുന്നു ആക്രമണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.
കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു സമുദായത്തില്‍പെട്ട ആണ്‍കുട്ടി സഹപാഠിയായ മുസ്‌ലിം പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കള്‍ ഹോട്ടലില്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദിക്കുകയായിരുന്നു. വ്യത്യസ്ത മതപശ്ചാത്തലത്തില്‍നിന്നുള്ളയാളുമായി പൊതുസ്ഥലത്ത് കാണുന്നത് ശരിയാണോ എന്ന് ചോദിച്ച് അക്രമികള്‍ പെണ്‍കുട്ടിയെ ശാസിക്കുന്നത് വീഡിയോയില്‍ കാണാം.
പുറത്തുവന്ന വീഡിയോയില്‍ പെണ്‍കുട്ടി സംഘത്തെ തടയാന്‍ ശ്രമിക്കുന്നത് കാണാം. വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്കു നേരെ അസഭ്യവര്‍ഷവും നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് പോലീസ് സംഭവത്തില്‍ കേസെടുത്തു. സംസ്ഥാനത്ത് സദാചാര പോലീസിംഗ് ഉണ്ടാകില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.

 

Latest News