ഖാര്‍ത്തൂം - ആഭ്യന്തര സംഘര്‍ഷം വിരമമില്ലാതെ തുടരവേ, വിരമിച്ച സൈനികരോടും കഴിവുള്ള പൗരന്മാരോടും സ്വയം പ്രതിരോധത്തിനായി അടുത്തുള്ള സൈനിക താവളങ്ങളില്‍ പോയി സ്വയം സായുധരാകാന്‍ സുഡാനിലെ പ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു.
തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വൈദ്യുതി, വെള്ളം എന്നിവക്ക് ദൗര്‍ലഭ്യം നേരിടുന്നു. ആരോഗ്യ സേവനങ്ങളിലെ തകര്‍ച്ച, വിവരങ്ങള്‍ അറിയാനുള്ള സൗകര്യക്കുറവ് എന്നിവയും തലസ്ഥാനവാസികളെ ബുദ്ധിമുട്ടിക്കുന്നു. പല വീടുകളും, പ്രത്യേകിച്ച് തലസ്ഥാനത്തെ നല്ല സ്ഥലങ്ങളില്‍ കൊള്ള വ്യാപകമാണ്.
ഖാര്‍ത്തൂമില്‍ ഇടക്കിടെയുള്ള പോരാട്ടങ്ങളും രാജ്യത്ത് മറ്റിടങ്ങളിലെ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സുഡാനില്‍ പോരടിക്കുന്ന ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ടെന്ന് സൗദി അറേബ്യയും അമേരിക്കയും വ്യക്തമാക്കി.
ഏപ്രില്‍ 15 ന് സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മില്‍ കടുത്ത പോരാട്ടം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സുഡാനിലെ സ്ഥിതി മോശമായത്. കഴിഞ്ഞ ആഴ്ച ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുകക്ഷികളും സമ്മതിച്ചു.
സംഘര്‍ഷംമൂലം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്ത 250,000-ത്തിലധികം ആളുകളുള്‍പ്പെടെ 1.1 ദശലക്ഷത്തോളം ആളുകള്‍ സ്വന്തം വീടുകള്‍ ുപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരായി. ഏറ്റുമുട്ടലില്‍ 730 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചെങ്കിലും യഥാര്‍ഥ കണക്ക് വളരെ കൂടുതലാണ്.