ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ചക്ക് സമയം തേടിയതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്ക് അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ മറികടക്കുന്നതില്‍ പാര്‍ലമെന്റില്‍ പിന്തുണ തേടിയാണ് കൂടിക്കാഴ്ചക്കുള്ള ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് സമയം തേടിയതായി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ്ക്ക് ശ്രമിക്കുന്നതിനിടെയാണ് അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നത്. കെജ്രിവാളിന്റെ കൂടിക്കാഴ്ച കോണ്‍ഗ്രസുമായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി അദ്ദേഹം വിവിധ രാഷ്ട്രീയ നേതാക്കുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും ദല്‍ഹി സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു സുപ്രീംകോടതി വിധി. ഇത് മറികടക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഈ വിഷയത്തില്‍ പ്രദേശിക നേതാക്കളുടെ അഭിപ്രായം തേടിയതിന് ശേഷമാകും പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നാണ് കോണ്‍ഗ്രസ് നിലപാട്.