Sorry, you need to enable JavaScript to visit this website.

കുടുംബം സ്വീകരിച്ചില്ല, പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ ഏറ്റുവാങ്ങി

കൊച്ചി-ദുബായില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍  സുഹൃത്തുക്കള്‍ സംസ്‌കരിക്കും. മൃതദേഹം ഏറ്റുവാങ്ങിയ ജയകുമാറിന്റെ സുഹൃത്ത് സബിയക്ക് ഏറ്റുമാനൂര്‍ പോലീസ് മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി നല്‍കി. കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി സുഹൃത്തുക്കള്‍ മൃതദേഹവുമായി അഞ്ച് മണിക്കൂറോളം ആലുവ പോലീസ് സ്‌റ്റേഷന് മുമ്പില്‍ കാത്തിരുന്നു.
ജയകുമാര്‍ നാല് വര്‍ഷമായി കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

ഏഴ് ദിവസം മുമ്പാണ് ജയകുമാര്‍ ദുബായില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചാല്‍ വിളിച്ചറിയിച്ചാല്‍ മതിയെന്ന് കുടുംബം അറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുന്ന് മണിക്ക് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം എത്തിയില്ല. മൃതദേഹം വേണ്ടെന്നും മരണസര്‍ട്ടിഫിക്കറ്റും മറ്റു സര്‍ട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാല്‍ മതിയെന്നായിരുന്നു കുടുംബം അറിയിച്ചത്.  
തുടര്‍ന്ന് ജയകുമാറിന്റെ സുഹൃത്തായ സബിയ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. കുടുംബത്തെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് സബിയ പറഞ്ഞു.  മരിച്ച പ്രവാസി ഏറ്റുമാനൂര്‍ സ്വദേശി ആയതിനാല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് ആലുവ പൊലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമാനൂര്‍ പോലീസിനെ സമീപിച്ചത്.

 

 

Latest News