Sorry, you need to enable JavaScript to visit this website.

പുതിയ പാര്‍ലമെന്റ്  മന്ദിരത്തിന്റെ ചിത്രമുള്ള  75 രൂപ നാണയം പുറത്തിറക്കുന്നു

ന്യൂദല്‍ഹി- പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക.
നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് 'ഭാരത്' എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് 'ഇന്ത്യ' എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ 'രൂപ' ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ '75 'എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ 'സന്‍സദ് സങ്കുല്‍' എന്നും താഴെ ഇംഗ്ലീഷില്‍ 'പാര്‍ലമെന്റ് മന്ദിരം' എന്നും എഴുതും.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 25 ഓളം പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest News