പ്രയാഗ്‌രാജ്- മതിയായ കാരണമില്ലാതെ ദീര്‍ഘകാലത്തേക്ക് ഇണക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി.വിവാഹമോചന ഹരജി കുടുംബകോടതി തള്ളിയതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.വിവാഹത്തിലെ കക്ഷികള്‍ വളരെക്കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ഭാര്യ വൈവാഹിക ബാധ്യത നിറവേറ്റുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞ
മാനസിക ക്രൂരതയും ഒളിച്ചോട്ടവും ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. എന്നാല്‍, ക്രൂരതയുടെ പേരില്‍ വിവാഹമോചനം അനുവദിക്കാന്‍ വിചാരണക്കോടതി വിസമ്മതിച്ചു. ഇതിനു പിന്നാലെയാണ് തന്റെ വിവാഹമോചന ഹരജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ സുനീത് കുമാറിന്റെയും രാജേന്ദ്ര കുമാറിന്റെയും ബെഞ്ച് വിവാഹമോചനം അനുവദിച്ച് ഉത്തരവായി. മതിയായ കാരണമില്ലാതെ പങ്കാളിയുമായി ദീര്‍ഘകാലത്തേക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് തന്നെ മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി വ്യക്തമാക്കി.
കുടുംബകോടതി സ്വീകരിച്ച സമീപനത്തെ ഹൈപ്പര്‍ ടെക്‌നിക്കല്‍ എന്ന് വിശേഷിപ്പിച്ച ബെഞ്ച്, വിവാഹത്തിലെ കക്ഷികള്‍ വളരെക്കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് രേഖയില്‍ നിന്ന് വ്യക്തമാണെന്നും വൈവാഹിക ബന്ധത്തോടുള്ള ബഹുമാനം, വൈവാഹിക ബാധ്യതയുടെ നിര്‍വഹണ ബാധ്യത എന്നിവ നിരസിക്കപ്പെട്ടതിനാല്‍ അവരുടെ ദാമ്പത്യം പൂര്‍ണമായി തകര്‍ന്നതാണെന്നും ചൂണ്ടിക്കാട്ടി.