Sorry, you need to enable JavaScript to visit this website.

പോക്‌സോ ദുരുപയോഗം ചെയ്യുന്നു, മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും-ബ്രിജ് ഭൂഷണ്‍

ലഖ്‌നൗ-കുട്ടികള്‍ക്കെതിരെയും മുതിര്‍ന്നവര്‍ക്കെതിരെയും പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും നിയമം മാറ്റാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്. ഉത്തര്‍പ്രദേശിലെ ബഹ്‌റച്ചില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുട്ടികള്‍ക്കെതിരെയും മുതിര്‍ന്നവര്‍ക്കെതിരെയും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. ഉദ്യോഗസ്ഥര്‍ പോലും അതിന്റെ ദുരുപയോഗത്തില്‍ നിന്നും മുക്തരല്ല. സര്‍ക്കാരിനോട് നിയമം മാറ്റാന്‍ ആവശ്യപ്പെടും,' ബ്രിജ് ഭൂഷണ്‍ പറഞ്ഞു. എല്ലാ വശവും പഠിക്കാതെയാണ് പോക്‌സോ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ താരങ്ങള്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം തുടരുകയാണ്.
രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷനെതിരെ ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് ആദ്യത്തെ എഫ്.ഐ.ആര്‍. ഇതില്‍ പോക്‌സോ നിയമപ്രകാരം ഭൂഷനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ ആരോപണം നിഷേധിച്ചിരുന്നു.
ബ്രിജ് ഭൂഷനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കിയിരുന്നു.
സമരം ഇത്ര നീണ്ടു പോകുമെന്ന് കരുതിയില്ലെന്നും സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കുമെന്നാണ് കരുതിയിരുന്നതെന്നും ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞു.
സമരം ഇത്ര നീണ്ട് പോകുമെന്ന് കരുതിയില്ല. ഞങ്ങള്‍ അന്താരാഷ്ട്ര ഗുസ്തി താരങ്ങളാണ്. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുമെന്ന് കരുതി. ഇത് ഞങ്ങളുടെ കരിയറിനെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളെ തള്ളിക്കളഞ്ഞതില്‍ ഏറെ വിഷമമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഗുസ്തി താരങ്ങളാണ്, പോരാടാതെ ഞങ്ങള്‍ പിന്മാറില്ല. രാജ്യത്ത് രണ്ട് നിയമമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒന്ന് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും, മറ്റൊന്ന് ബ്രിജ് ഭൂഷനെ പോലെ അധികാരമുള്ളവര്‍ക്ക് വേണ്ടിയുള്ളതും- ബജ്‌റംഗ് പൂനിയ ആരോപിച്ചു.

 

Latest News