കോഴിക്കോട് - കോഴിക്കോട്ടെ ഹോട്ടലില്‍ കൊല്ലപ്പെട്ട തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ മൃതദേഹം കൊക്കയില്‍ തള്ളിയരണ്ടു ബാഗുകള്‍ കണ്ടെത്തി. മൃതദേഹം വെട്ടിനുറുക്കി രണ്ട് ബാഗുകളിലായാണ് കൊക്കയില്‍ തള്ളിയതെന്നാണ് സൂചന. അട്ടപ്പാടിയിലെ ഒന്‍പതാം വളവിലെ കൊക്കയില്‍ നിന്നാണ് ഒരു ബാഗ് കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സംഭവ ദിവസം രണ്ടു ലക്ഷം രൂപ പിന്‍വലിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫ് ആകുകയും അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചതായി മകന് സന്ദേശം ലഭിക്കുകയും ചെയ്തതോടെ മകന്‍ നല്‍കിയ പരാതിയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തു വന്നത്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിനെ(58)യാണ് ഇയാളുടെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെണ്‍സുഹൃത്തായ ഫര്‍ഹാനയും (18) ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ പത്താം വളവിലെ കൊക്കയില്‍ ഉപേക്ഷിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇരുവരെയും ചെന്നെയില്‍ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ചെന്നെയിലേക്ക് പോയ പോലീസ് സംഘം ഇവരെ ഇന്നോ നാളെയോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയുള്ളൂ. ഒരാഴ്ച മുന്‍പാണ് സിദ്ദിഖ് തിരൂരിലെ വീട്ടില്‍ നിന്ന് കോഴിക്കോട്ടെക്ക് പോയത്. കാണാനില്ലെന്ന് മകന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തതായി കണ്ടെത്തിയത്. ഈ ഹോട്ടലില്‍ തന്നെ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.