മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞ മത്സരത്തില്‍ വംശീയാക്രമണം നേരിട്ട വിനസിയൂസ് ജൂനിയറിന് റയല്‍ മഡ്രീഡ് കളിക്കാരുടെ ഐക്യദാര്‍ഢ്യം. റയൊ വയകാനോക്കെതിരായ കളിയില്‍ അണിനിരന്നപ്പോള്‍ ബ്രസീല്‍ ടീമിലെ വിനിസിയൂസിന്റെ സഹതാരം റോഡ്രിഗൊ മുഷ്ടിയുയര്‍ത്തി ബ്ലാക്ക് പവര്‍ സല്യൂട്ട് കാണിച്ചു. എല്ലാ കളിക്കാരും വിനിസിയൂസിന്റെ ഇരുപതാം നമ്പര്‍ ജഴ്‌സി ധരിച്ചു. 89ാം മിനിറ്റില്‍ റോഡ്രിഗോ നേടിയ ഗോളില്‍ 2-1 ന് ജയിച്ച റയല്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ വിനിസിയൂസ് ഈ മത്സരം കളിച്ചില്ല.
സാന്‍ഡിയേഗൊ ബെര്‍ണബാവുവില്‍ വയകാനോക്കെതിരെ കരീം ബെന്‍സീമയുടെ ഗോളില്‍ റയല്‍ ലീഡ് ചെയ്തിരുന്നു. റൗള്‍ ദെ തോമാസിലൂടെ വയകാനൊ ഗോള്‍ മടക്കി. വിനിസിയൂസ് ഈ മത്സരം കളിച്ചിരുന്നില്ല.
അതിനിടെ, ജനുവരിയില്‍ വിനിസിയൂസിന്റെ കോലം കെട്ടിത്തൂക്കിയ നാല് വംശവെറിയന്മാര്‍ക്ക് ആജീവനാന്തം സ്പാനിഷ് സ്റ്റേഡിയങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മത്സരദിനങ്ങളില്‍ അവര്‍ സ്റ്റേഡിയങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല.
ഇരുപത്തിരണ്ടുകാരന്‍ 2018 ല്‍ റയലില്‍ ചേര്‍ന്നതു മുതല്‍ വംശീയാക്രമണങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. എന്നാല്‍ ലാ ലിഗ അത് തടയാന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്ന വിധത്തില്‍ വ്യാപകമാണ് സമീപകാല ആക്രമണങ്ങള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം വലന്‍സിയക്കെതിരായ കളിയില്‍ വിനിസിയൂസ് വംശീയവൈരത്തിന് ഇരയായി. അതെത്തുടര്‍ന്ന് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.