മുംബൈ- മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെന്ന സംശയിച്ച് അഞ്ചു പേരെ ആള്‍ക്കൂട്ടം തെരുവില്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ധുലെയിലെ റെയിന്‍പാഡ എന്ന ആദിവാസി ഗ്രാമത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. പ്രദേശത്ത് ഏതാനും ദിവസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് വാട്‌സാപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതാണ് സംഭവത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ആഴ്ച ചന്ത നടക്കുന്ന ഗ്രാമത്തിലെ തിരക്കേറിയ കവലയില്‍ ബസില്‍ വന്നിറങ്ങിയ അഞ്ചു പേരില്‍ ഒരാള്‍ ഒരു കുട്ടിയോട് സംസാരിക്കുന്നതു കണ്ടാണ് ആള്‍ക്കൂട്ടം ഇദ്ദേഹത്തെ പിടികൂടിയത്. ഇതു കണ്ട് കൂടെ ഉള്ളവര്‍ രക്ഷയ്‌ക്കെത്തിയെങ്കിലും നാട്ടുകാര്‍ അഞ്ചു പേരേയും പിടികൂടി പൊതിരെ തല്ലുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് ആള്‍ക്കൂട്ടം ഇവരെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കൂടുതല്‍ ആളുകളെത്തി കൂട്ടത്തോടെ മര്‍ദിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ മഹാരാഷ്ട്രയിലെ തന്നെ സോലാപൂര്‍ ജില്ലക്കാരാണെന്ന് സ്ഥിരീകരിച്ചു. ആക്രമികളില്‍ ഉള്‍പ്പെട്ട 15 പേരെ പോലീസ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വഴിവാണിഭക്കാരനായ ഒരു യുപി സ്വദേശിയെ രണ്ടു ദിവസം മുമ്പ് ത്രിപുരയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതും കുട്ടികളെ തട്ടികൊണ്ടു പോകല്‍ അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു. ഇതേ ദിവസം തന്നെ തെക്കന്‍ ത്രിപുരയില്‍ 33-കാരനായ യുവാവിനേയും ആള്‍കൂട്ടം മര്‍ദിച്ചു കൊന്നു. ഗ്രാമ പ്രദേശങ്ങളില്‍ കുട്ടികളെ തട്ടല്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്ന് വ്യാജ പ്രചാരണത്തിനെതിരെ ബോധവല്‍ക്കരണം നടത്തി വരികയായിരുന്നു ഈ യുവാവ്.
അസമില്‍ യുവതിയെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു
അസമിലെ ഗുവാഹത്തിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ പ്രചാരണത്തെ തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ യുവതിയെ നാട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സോനിത്പൂരില്‍ അലഞ്ഞു നടന്ന സ്ത്രീയെയാണ് നാട്ടുകാര്‍ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ആളുകല്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മറുപടി പറയാന്‍ കഴിയാത്തതാണ് സംശയത്തിനിടയാക്കിയത്. ഗ്രാമീണര്‍ തന്നെ ഇടപെട്ട് മര്‍ദനം തടയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി യുവതിയെ രക്ഷിച്ചു. കഴിഞ്ഞ മാസം കങ്തിലാങ്‌സോ വെള്ളച്ചാ്ട്ടം കാണാന്‍ പോയ രണ്ടു സുഹൃത്തുക്കളെ ആള്‍കൂട്ടം ഇതേ ആരോപണം ഉന്നയിച്ച് അടിച്ചു കൊലപ്പെടുത്തിയിരുന്നു.
ചെന്നൈയില്‍ രണ്ടു പേരെ ആള്‍ക്കുട്ടം മര്‍ദിച്ചു
സമാന സംഭവത്തില്‍ ചെന്നൈയില്‍ ആള്‍കൂട്ടമര്‍ദനത്തിനിരയായ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇവരെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.