Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ആഹ്വാനം തള്ളി ദേവഗൗഡ; പാർല്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കും, ബി.ജെ.പി മന്ദിരമല്ലെന്നും ഗൗഡ

ബെംഗളുരു - രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പാർല്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടുള്ള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം തള്ളി മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ രംഗത്ത്.
 പ്രതിപക്ഷ പാർട്ടികൾ കൂട്ടമായി ചടങ്ങ് ബഹിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും താൻ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നാണ് ദേവഗൗഡ പറയുന്നത്. 
 ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കല്ല, രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താൻ പോകുന്നതെന്നന്നാണ് അദ്ദേഹം വാർത്താകുറിപ്പിൽ അവകാശപ്പെട്ടത്. 
 പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തിനെതിരേ ബി.എസ്.പി അധ്യക്ഷ മായാവതിയും  രംഗത്തുവന്നിരുന്നു. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നുമായിരുന്നു അവരുടെ പ്രതികരണം.
 പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനാണ് 19 പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഭരണഘടനയുടെ 79-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിയാണ് പാർലമെന്റിന്റെ അവസാനവാക്ക്. എന്നാൽ, അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതിയെ തഴഞ്ഞ്, പ്രോട്ടോകോൾ ലംഘനം അടക്കമുള്ള നടപടികളിലൂടെ, നരേന്ദ്ര മോഡി സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ചടങ്ങിനെ ഉപയോഗപ്പെടുത്തുന്നതെന്നാണ് പ്രതിപക്ഷ വിമർശം.
 

Latest News