ന്യൂദല്‍ഹി- ജനങ്ങള്‍ക്ക് ശരിയായ അര്‍ഥത്തില്‍ നീതി ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നിര്‍ദ്ദേശം. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
കോടതി ഉത്തരവുകള്‍ നടപ്പാക്കപ്പെടുന്നില്ലെന്നും കോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാലും ജനങ്ങള്‍ക്ക് യഥാര്‍ഥ അര്‍ഥത്തില്‍ നീതി ലഭിക്കുന്നില്ലെന്നുമുള്ള നിരവധി പരാതികള്‍ തനിക്കുമുന്നില്‍ വരുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
സര്‍ക്കാരിന്റേയും കോടതിയുടേയും ഉത്തരവാദിത്വമാണ് ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുകയെന്നത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് മുതല്‍ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസ് വരെ, സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലുണ്ടെന്നും എല്ലാവരും ഒത്തുചേര്‍ന്ന് പോംവഴി കണ്ടെത്തണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. അതിനുവേണ്ടി പ്രത്യേക നിയമം ഉണ്ടാക്കണമെങ്കില്‍ അതു ചെയ്യണമെന്നും ആവശ്യപ്പെട്ട ദ്രൗപതി മുര്‍മു ജനങ്ങള്‍ക്ക് നീതി കിട്ടുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.