ന്യൂദല്‍ഹി- ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പൊറുപ്പിക്കാനാവില്ലെന്നത് ലോകം തന്നെ അംഗീകരിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയ മോഡി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നതു പോലുള്ള സംഭവങ്ങള്‍ ഉന്നയിക്കുമ്പോള്‍ ലോകം തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സംസ്‌കാരത്തെയും മഹത്തായ പാരമ്പര്യത്തെയും കുറിച്ച് പറയുമ്പോള്‍, ഒരിക്കലും അടിമ മാനസികാവസ്ഥയിലാകരുതെന്നും ധൈര്യത്തോടെ സംസാരിക്കണമെന്നും പ്രധാനമന്ത്രി ഉണര്‍ത്തി.
ജപ്പാന്‍, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സന്ദര്‍ശനം പുര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോഡി ദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയത്.
ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാന്‍ ലോകം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്തുകൊണ്ടാണ് ഞാന്‍ ലോകത്തിന് വാക്‌സിനുകള്‍ നല്‍കിയതെന്ന് ആളുകള്‍ എന്നോട് ചോദിക്കുമ്പോള്‍ ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണെന്ന് പറയാനാണ് ഞാന്‍ ആഗ്രഹ്ിക്കുന്നത്. നമ്മുടെ ശത്രുക്കളെപ്പോലും നമ്മള്‍ ശ്രദ്ധിക്കുന്നു- അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ഇന്ത്യ എങ്ങനെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കേവല ഭൂരിപക്ഷം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിങ്ങള്‍ അനുവദിച്ചതില്‍നിന്നാണ് ഈ ആത്മവിശ്വാസം ലഭിക്കുന്നതെന്നും തന്റെ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പാര്‍ട്ടി അംഗങ്ങളും ചേര്‍ന്ന് വിമാനത്താവളത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.