Sorry, you need to enable JavaScript to visit this website.

യുഎസ് ഭീഷണി കാര്യമാക്കാതെ റഷ്യയില്‍ നിന്ന് ഇന്ത്യ മിസൈല്‍ വാങ്ങുന്നു

ന്യൂദല്‍ഹി- അമേരിക്കയുടെ ശക്തമായ എതിര്‍പ്പും ഉപരോധ ഭീഷണിയും അവഗണിച്ച് റഷ്യയില്‍ നിന്നും ഇന്ത്യ അത്യാധുനിക എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങുന്നു. 39,000 കോടി രൂപയുടെ കരാറിനാണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് ആക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ചെറിയ മാറ്റങ്ങളോടെ റഷ്യയുമായുള്ള എസ്-400 മിസൈല്‍ കരാറിന് അന്തിമ രൂപം നല്‍കി. ഈ കരാറിന് ഇന് ധനമന്ത്രാലയത്തിന്റെ ക്ലിയറന്‍സും പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയും അന്തിമ അനുമതി നല്‍കേണ്ടതുണ്ട്. ഈയിടെ റഷ്യയുമായി നടന്ന വാണിജ്യ ചര്‍ച്ചകളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഈ മിസൈല്‍ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭയാണ് കൈക്കൊള്ളേണ്ടത്. 

ഇന്ത്യ-യുഎസ് പ്രഥമ 'ടു പ്ലസ് ടു' ചര്‍ച്ച യുഎസ് റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് റഷ്യയുമായുള്ള ഈ കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ ഈ മാസം ആറിനാണ് 'ടു പ്ലസ് ടു' എന്ന  പേരില്‍ ചര്‍ച്ച നിശ്ചിയിച്ചിരുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ യുഎസ് പൊടുന്നനെ ഈ ചര്‍ച്ച റദ്ദാക്കുകയായിരുന്നു.

ഇതിനിടെയാണ് ഇന്ത്യ-റഷ്യ ശക്തമായ ബന്ധത്തിനു തെളിവായി എസ്-400 മിസൈല്‍ കരാര്‍ വീണ്ടും ചര്‍ച്ചയാകുന്നത്. റഷ്യയുടെ മേല്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. അമേരിക്കന്‍ എതിരാളികള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്ന യുഎസ് നിയമം ചൂണ്ടിക്കാട്ടിയാണ് യുഎസ് മുന്നറിയിപ്പ്. എന്നാല്‍ ഈ നിയമം ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തെ ബാധിക്കില്ലെന്ന് നേരത്തെ മന്ത്രി നിര്‍മലാ സിതാരാമന്‍ വ്യക്തമാക്കിയിരുന്നു. 

2016 ഒക്ടോബറില്‍ ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിലാണ് അഞ്ച് എസ്-400 മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമായത്. ഈ വര്‍ഷം ഒക്ടോബറില്‍ വീണ്ടും ഇന്ത്യ-റഷ്യ ഉച്ചകോടി നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി എസ്-400 മിസൈല്‍ കരാറിന് അന്തിമ രൂപം നല്‍കുന്ന സങ്കീര്‍ണ നടപടികള്‍ പൂര്‍ത്തിയാക്കാനാണു ശ്രമം. ഇതിനിടെയാണ് കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന ഭീഷണിയുമായി യുഎസും രംഗത്തെത്തിയത്. റഷ്യയില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള യുഎസ് വിലക്ക് മറികടക്കാന്‍ ഇന്ത്യയും റഷ്യയും വഴികള്‍ കണ്ടെത്തിയിട്ടുണ്ട്.

അഞ്ച് എസ്-400 മിസൈല്‍ സംവിധാനങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം കരാര്‍ ഒപ്പിട്ട് രണ്ടു വര്‍ഷത്തിനകം ഇന്ത്യന്‍ വ്യോമ സേനയ്ക്കു ലഭ്യമാക്കാനാണു പദ്ധതി. ബാക്കി അഞ്ചു വര്‍ഷത്തിനകവും ലഭിക്കും. 400 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു വിമാനങ്ങളും പോര്‍വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകര്‍ത്തിടാനുള്ള ശേഷി ഈ റഷ്യന്‍ മിസൈല്‍ സംവിധാനത്തിനുണ്ട്്. ഇതോടൊപ്പമുള്ള റഡാറുകള്‍ക്ക് ഒരേ സമയം നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളെ ഉന്നം പിടിക്കാന്‍ കഴിയും. വിവിധ വേഗ പരിധിയില്‍ ഉന്നം പിടിക്കാന്‍ കഴിയുന്ന നാലു തരം മിസൈലുകളും ഈ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. സെക്കന്‍ഡില്‍ 4,800 മീറ്റര്‍ വേഗത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തടയാനും ഇതിനു കഴിയും. അമേരിക്കയുടെ അഞ്ചാം തലമുറ പോര്‍ വിമാനങ്ങളായ എഫ്-35 ജെറ്റുകളെ വരെ ആകാശത്തു വച്ച് തകര്‍ക്കാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം. റഷ്യയില്‍ നിന്നും ആറ് എസ് -400 മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങാന്‍ ചൈന 2014 ല്‍ റഷ്യയുമായി കരാറൊപ്പിട്ടിരുന്നു. 


 

Latest News