ന്യൂദല്‍ഹി- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എച്ച്.ഡി ഗവേഷണ ബിരുദം നല്‍കുന്നതും വിലയിരുത്താന്‍ പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി). ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമന സംവിധാനവും മാനദണ്ഡങ്ങളും ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി, ഫാക്കല്‍റ്റി നിയമനങ്ങളെക്കുറിച്ചും പി.എച്ച്.ഡി ബിരുദങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്ന് യു.ജി.സി ചെയര്‍പേഴ്‌സണ്‍ എം. ജഗദീഷ് കുമാര്‍ ബുധനാഴ്ച വ്യക്തമാക്കി.
കൃത്യമായ ഇടവേളകളില്‍ സമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനപ്രക്രിയ യു.ജി.സി ചട്ടങ്ങള്‍ക്ക് അനുസൃതമാണോ എന്ന് കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍, ഉചിതമായ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 24ന് ചേര്‍ന്ന യു.ജി.സിയുടെ 568 ാമത് യോഗത്തിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. വര്‍ഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തില്‍ നിയമലംഘനം നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് റെഗുലേറ്ററി ബോഡികള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള പരമോന്നത ഉപദേശക സമിതിയായ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫാക്കല്‍റ്റി നിയമനങ്ങളില്‍ സംവരണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നായിരുന്നു ഇത്.
നിലവില്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റി നിയമനങ്ങള്‍ക്കും പി.എച്ച്.ഡി നല്‍കുന്നതിനും രണ്ട് സെറ്റ് ചട്ടങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരെയും മറ്റ് അക്കാദമിക് സ്റ്റാഫുകളെയും നിയമിക്കുന്നതിനുള്ള മിനിമം യോഗ്യതകള്‍ ഉള്‍ക്കൊള്ളുന്നതും ഉന്നത വിദ്യാഭ്യാസത്തിലെ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്നതിനുമുള്ള യു.ജി.സി റെഗുലേഷന്‍സ് 2018, പി.എച്ച്.ഡി ബിരുദം നല്‍കുന്നതിനുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡുകളും നടപടിക്രമങ്ങളും അടങ്ങിയ യു.ജി.സി റെഗുലേഷന്‍സ്, 2022 എന്നിവയാണത്. ഇവ പ്രകാരം, പി.എച്ച്.ഡി ബിരുദങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ബന്ധിത പ്രക്രിയ ലംഘിക്കുന്ന സ്ഥാപനത്തെ ഡീബാര്‍ ചെയ്യാനോ ധനസഹായം നിര്‍ത്തലാക്കാനോ അംഗീകാരം റദ്ദാക്കാനോ യുജിസിക്ക് അവകാശമുണ്ട്. കൂടാതെ, പുതിയ പി.എച്ച്.ഡി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍നിന്ന് സ്ഥാപനത്തെ തടയാനും യു.ജി.സിക്ക് കഴിയുമെന്നും യു.ജി.സി ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.