കോഴിക്കോട്-ഐ.എന്‍.എല്‍ വഹാബ് വിഭാഗം 26 ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന സെക്കുലര്‍ ഇന്ത്യ റാലി നിരീക്ഷിക്കാന്‍ കോടതി കമീഷനെ നിയമിച്ചു. കോടതി ഉത്തരവിന് വിരുദ്ധമായി പാര്‍ട്ടിയുടെ പതാകയും മറ്റും ഉപയോഗിക്കുന്നുവെന്നും കമീഷനെ നിയമിക്കണമെന്നുമാവശ്യപ്പെട്ട് ഐ.എന്‍.എല്‍ നല്കിയ ഹരജിയിലാണ് കോഴിക്കോട് മൂന്നാം അഡീഷണല്‍ സബ് കോടതിയുടെ ഉത്തരവ്. കോടതിയുടെ 2022 ഒക്ടോബര്‍ 12ലെ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും പരിപാടി മുഴുവനും വീഡിയോയില്‍ പകര്‍ത്തുവാനും നിര്‍ദ്ദേശിച്ചുകൊണ്ടാണ് കോടതി നടപടി. അഡ്വ.അര്ജുന് ബാബുവിനെയാണ് കോടതി കമീഷനായി നിയമിച്ചത്. സമ്മേളനം നടക്കുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന അപേക്ഷ കോടതി തള്ളി.
പോലീസിനെ ഈ ഘട്ടത്തില്‍ ഇടപെടീക്കേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തിയാണ് നടപടി. ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തിന് വേണ്ടി അഡ്വ.മുനീര്‍ അഹ് മദ്, മുദസ്സര്‍ അഹ്മദ്, മറുപക്ഷത്തിന് വേണ്ടി അഡ്വ.കെ.ബി. ശിവരാമകൃഷ്ണന്, അഡ്വ.പി.എസ്. മുരളി എന്നിവര്‍ ഹാജരായി.