കൊച്ചി- ബന്ധുക്കളില്‍നിന്ന് പണം തട്ടാന്‍ സ്വന്തം നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച പെണ്‍കുട്ടി കുടുങ്ങി.
നഗ്നചിത്രങ്ങള്‍ യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് തടയാനെന്ന പേരില്‍ ബന്ധുവായ യുവതിയില്‍നിന്ന് 70,000 രൂപയാണ് കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തട്ടിയെടുത്തത്. ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുത്തും വ്യാജ ഐഡി നിര്‍മ്മിച്ചും പോലീസിനെയും വീട്ടുകാരെയും കബളിപ്പിച്ചുവെന്നാണ് കേസ്.
പരിചയക്കാരനായ യുവാവിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി അതില്‍നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍നിന്ന് പണം സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശവും വ്യാജ ഐഡിയില്‍നിന്ന് സ്വന്തം ഐഡിയിലേക്ക് അയച്ചിരുന്നു. ഈ സന്ദേശം കാണിച്ച് ബന്ധുവായ യുവതിയില്‍നിന്ന് 70,000 രൂപ വാങ്ങി.
പണം നല്‍കിയ ശേഷം ബന്ധുവായ യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവിനെതിരെ തോപ്പുംപടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. യുവാവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെ പോലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തട്ടാന്‍ താന്‍ മെനഞ്ഞെടുത്ത കഥയാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു.