ന്യൂദല്‍ഹി- പാര്‍ലമെന്റ് മന്ദിരം പ്രാധനമന്ത്രി മോഡി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാര്‍ലമെന്റ് മന്ദിരം മോഡി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. ബ്രിട്ടീഷുകാര്‍ പണിത പാര്‍ലമെന്റില്‍നിന്നും രാജ്യത്തിന്റെ സ്വന്തം മന്ദിരത്തിലേക്കാണ് പാര്‍ലമെന്റ് മാറുന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് പുതിയ കാലത്തേക്ക് മാറുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കയാണ് സംയുക്ത പ്രതിപക്ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ പാര്‍ലമെന്റില്‍ നിന്ന് പറിച്ചെടുക്കുമ്പോള്‍ പുതിയൊരു കെട്ടിടത്തിന് പ്രാധാന്യമില്ലെന്നാണ് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്.
പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എല്ലാവരെയും ഉദ്ഘാടനത്തിനു ക്ഷണിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി നല്‍കിയത്. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരവരാണെന്നുമാണ് അമിത് ഷാ പറഞ്ഞത്. പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്നാണ് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും ധര്‍മേന്ദ്ര പ്രധാനും പറഞ്ഞത്. ഇന്ത്യയുടെ വികസന കുതിപ്പില്‍ കോണ്‍ഗ്രസിന് ദേശീയ താത്പര്യം അതിന്‍മേലുള്ള അഭിമാനവും കൈമോശം വന്നു പോയെന്നായിരുന്നു കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ശിവസേന, സമാജ് വാദി പാര്‍ട്ടി, സിപിഐ, ജെഎംഎം, കേരള കോണ്‍ഗ്രസ്-എം, വിടുതലൈ ചിരുതലൈ കക്ഷി, ആര്‍എല്‍ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, എന്‍സിപി, സിപിഎം, ആര്‍ജെഡി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും സന്ദേശങ്ങള്‍ വായിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.